| Wednesday, 20th March 2024, 9:43 am

നൽകുന്നതിന്റെ അമ്പത് മടങ്ങ് തിരികെ തരുന്ന ആർക്കും ബീറ്റ് ചെയ്യാൻ പറ്റാത്ത ഒരു ഫാക്ടറാണ് മോഹൻലാൽ: സുജിത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ക്യാമറമാൻ സുജിത് വാസുദേവ്. ലൂസിഫറിനായി ക്യാമറ ചലിപ്പിച്ചത് സുജിത് ആയിരുന്നു. ലൂസിഫറിലെ സിനിമോട്ടോഗ്രഫി വലിയ ശ്രദ്ധയും നേടിയിരുന്നു. എമ്പുരാനിലും സുജിത് വാസുദേവ് തന്നെയാണ് ക്യാമറ ചെയ്യുന്നത്.

തിരക്കഥയും മികച്ച സംവിധാനവുമാണ് ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യമെന്നും എന്നാൽ ഈ ചിത്രത്തെ സംബന്ധിച്ച് മോഹൻലാൽ എന്ന ഫാക്ടർ കൂടെയുണ്ടെന്നും അദ്ദേഹം പറയുന്നു. നമ്മൾ കൊടുക്കുന്നതിന്റെ അമ്പത് മടങ്ങ് തിരിച്ച് നൽകുന്ന നടനാണ് മോഹൻലാലെന്നും അദ്ദേഹത്തിനൊപ്പം വർക്ക്‌ ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്നും സുജിത് വാസുദേവ് പറഞ്ഞു.

‘ഒരു സിനിമയിൽ ഏറ്റവും മുകളിൽ നിൽക്കേണ്ടത് അതിന്റെ സ്ക്രിപ്റ്റ് തന്നെയാണ്. തിരക്കഥയും, ആ തിരക്കഥ എങ്ങനെയാണ് ഒരു സംവിധായകൻ ഒരുക്കാൻ വിചാരിക്കുന്നത് എന്നതും വളരെ പ്രധാനപെട്ടതാണ്. അത് രണ്ടും തന്നെയാണ് ഒരു സിനിമയുടെ മെയിൻ പാർട്ട്‌ എന്ന് പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നും വേണ്ട.

ഈ ചിത്രത്തിലേക്ക് വരുമ്പോൾ മോഹൻലാൽ എന്നൊരു ഫാക്ടർ ഉണ്ടല്ലോ. അത് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും ബീറ്റ് ചെയ്യാൻ പറ്റാത്ത ഒരു ഫാക്ടറാണ്. നമ്മൾ ഒരു സാധനം അങ്ങോട്ട് കൊടുത്ത് കഴിഞ്ഞാൽ ഒരു അമ്പത് മടങ്ങിന് അപ്പുറത്തേക്ക് തിരിച്ച് കിട്ടുകയെന്ന് പറയുന്നത് ഇന്ത്യൻ സിനിമയിൽ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. മലയാള സിനിമ പ്രത്യേകിച്ച്.

എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ലാൽ സാറിന്റെ കൂടെയൊന്ന് വർക്ക്‌ ചെയ്യുക, അല്ലെങ്കിൽ അദ്ദേഹത്തെ അഭിനയിപ്പിക്കാൻ പറ്റുക, ക്യാമറ ചെയ്യാൻ പറ്റുക, ആർട്ട്‌ ചെയ്യാൻ പറ്റുക എന്നതെല്ലാം,’സുജിത് വാസുദേവ് പറയുന്നു.

Content Highlight: Sujith Vasudev Talk About Mohanlal And Lucifer Movie

We use cookies to give you the best possible experience. Learn more