മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.
ചിത്രത്തിന്റെ ക്യാമറമാൻ സുജിത് വാസുദേവ് സംസാരിക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കണ്ടിട്ടാണ് തനിക്ക് സിനിമയോടുള്ള മോഹം തോന്നുന്നതെന്നും ഇപ്പോൾ ആ ചിത്രത്തിന്റെ സംവിധായകൻ ഫാസിലും നടൻ മോഹൻലാലും തന്റെ ക്യാമറക്ക് മുന്നിൽ അഭിനയിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും സുജിത് പറയുന്നു. സെല്ലുലോയ്ഡ് മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ കണ്ട് തുടങ്ങിയപ്പോഴാണ് എന്റെയുള്ളിൽ സിനിമാ മോഹങ്ങൾ ആരംഭിക്കുന്നത്.
ലാലേട്ടൻ ആദ്യമായി അഭിനയിച്ച സിനിമ, ഫാസിൽ സാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഇന്നിപ്പോൾ അവർ രണ്ട് പേരും എന്റെ ക്യാമറക്ക് മുന്നിൽ അഭിനയിച്ചു കഴിഞ്ഞു.
ഒരു ആഗ്രഹത്തിന്റെ പൂർത്തികരണം എന്നൊക്കെ വേണമെങ്കിൽ അതിനെ പറയാം. സിനിമയിൽ വരണമെന്ന് എന്തുകൊണ്ടാണ് എനിക്ക് തോന്നിയതെന്ന് അറിയില്ല. ഇപ്പോഴും അതിന്റെ കാരണമറിയില്ല. ഒരു അഭിനേതാവായിട്ട് വരണം എന്നായിരിക്കും ചിലപ്പോൾ തോന്നിയിട്ടുണ്ടവുക.
കാരണം കഥാപാത്രങ്ങളെ ആയിരിക്കുമല്ലോ നമ്മൾ ആദ്യം ആവാഹിക്കുക. എല്ലാവർക്കും സിനിമ കാണുമ്പോൾ ആ അഭിനിവേഷം ആദ്യം തോന്നുന്നത്, ഈ സ്‌ക്രീനിൽ ഞാനും ഇതുപോലെയൊന്ന് പെർഫോം ചെയ്താൽ എങ്ങനെ ഉണ്ടാവുമെന്നാണ്. എന്നാൽ കുറച്ച് കാലം കഴിഞ്ഞപ്പോൾ ടെക്നിക്കൽ സൈഡാണ് നമുക്ക് കുറച്ചുകൂടെ ചേരുന്നത് എന്നൊക്കെ മാറി.
എന്തായാലും അന്ന് ആഗ്രഹിച്ചിരുന്ന രണ്ട് വ്യക്തികൾ, അല്ലെങ്കിൽ ഞാൻ സിനിമയിൽ വരാൻ കാരണക്കാരായ രണ്ട് വ്യക്തികൾ ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ അവരോട് രണ്ട് പേരോടും അത് തുറന്ന് പറഞ്ഞു,’സുജിത് വാസുദേവ് പറയുന്നു.
Content Highlight: Sujith Vasudev Talk About Mohanlal And Director Fazil