| Wednesday, 15th November 2023, 12:30 pm

ലാൽ സാർ വ്യത്യസ്തതയാണ് തിരയാറ്, പൃഥ്വി അങ്ങനെയല്ല: സുജിത് സുധാകരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞകാലം കൊണ്ട് മികച്ച ചിത്രങ്ങളിൽ വർക്ക്‌ ചെയ്യാൻ ഭാഗ്യം ലഭിച്ച മലയാളത്തിലെ കോസ്റ്റ്യൂം ഡിസൈനറാണ് സുജിത് സുധാകരൻ. മോഹൻലാലിൻറെ മരക്കാർ അറബിക്കടലിന്റെ സിംഹം, ഒപ്പം, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് സുജിത് ആയിരുന്നു.

സിനിമയിലെ അഭിനേതാക്കളുടെ ഡ്രസ്സിങ്ങും ഏറെ ശ്രദ്ധ നേടിയിരുന്നു.
മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും ഡ്രസ്സിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സുജിത്.

ലാൽ സാറിന് ഒരു പ്രേത്യേക ഡ്രസ്സ്‌ വേണമെന്നോ ഒരു കളർ വേണമെന്നോ നിർബന്ധമൊന്നുമില്ലെന്നും അതിൽ എന്തെങ്കിലും വ്യത്യസ്ത ഉണ്ടോയെന്ന് മാത്രമാണ് അന്വേഷിക്കാറെന്നും എന്നാൽ പൃഥ്വിരാജ് ബ്രാൻഡഡ് ഡ്രസ്സുകൾക്ക് വലിയ പ്രധാന്യം കൊടുക്കുന്ന ഒരാളാണെന്നും അതിൽ നല്ല സെൻസുണ്ടെന്നും സുജിത് പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാൽ സാർ ഒരു ഫാന്റസിയോടൊപ്പം സഞ്ചരിക്കുന്ന ഒരാളാണ്. എന്നും എന്തെങ്കിലും വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഒരു പ്രേത്യേക ഡ്രസ്സ് വേണമെന്നോ ആ കളർ വേണമെന്നോ എന്നൊന്നും അദ്ദേഹത്തിന് നിർബന്ധമില്ല. ലാൽ സാർ ആ ഒരു ഒഴുക്കിൽ ഇങ്ങനെ നടന്ന് പോവുന്ന ഒരാളാണ്.

എന്താണെങ്കിലും അതിൽ എന്തെങ്കിലും വ്യത്യസ്തത ഉണ്ടോ എന്നാണ് അദ്ദേഹം എപ്പോഴും തിരയാറുള്ളത്. എന്തെങ്കിലും പുതുമ ഉണ്ടെങ്കിൽ അദ്ദേഹം നല്ല ആകാംക്ഷയിൽ ആയിരിക്കും.

എന്നാൽ പൃഥ്വിരാജ് ബ്രാൻഡഡ് വസ്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരാളാണ്. ജാക്കറ്റുകളൊക്കെ കൂടുതൽ ഇഷ്ടമുള്ള ഒരാളാണ് പൃഥ്വിരാജ്. വലിയ ബ്രാൻഡുകൾ തിരഞ്ഞു പിടിച്ച് കണ്ടെത്തുന്ന ആളാണ്. ഒരു ഡ്രെസ്സിന്റെ പ്രൈസിങിനെ പറ്റിയും ക്വാളിറ്റിയെ പറ്റിയും നല്ല ധാരണയുള്ള ആളാണ്.

അതിന്റെയെല്ലാം കളക്ഷൻ പൃഥ്വിരാജിന്റെ അടുത്തുണ്ട്. നമ്മൾ പല ജാക്കറ്റുകളെ കുറിച്ച് പറയുമ്പോഴും അദ്ദേഹം പറയും, അത് എന്റെ അടുത്തുണ്ടെന്ന്. ഒരു ഡ്രെസ്സിന്റെ യൂട്ടിലിറ്റി വ്യക്തമായി മനസിലാക്കുകയും അത് കൃത്യമായി ധരിക്കുകയും ചെയുന്ന നല്ല കോസ്റ്റ്യൂം സെൻസുള്ള ആളാണ് പൃഥ്വിരാജ്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാനിലും കോസ്റ്റ്യൂം ഡിസൈനറായി വർക്ക് ചെയ്യുന്നത് സുജിത് സുധാകരനാണ്.

Content Highlight: Sujith Sudhakaran Talk About Costume Sense Of Mohanlal And Prithviraj

We use cookies to give you the best possible experience. Learn more