| Monday, 3rd June 2024, 8:42 pm

കേരളത്തില്‍ താമര വിരിഞ്ഞാല്‍ മാധ്യമങ്ങള്‍ക്ക് കൂടിയുള്ള മറുപടിയല്ലേ എന്ന് സുജയ; ആദ്യം വിരിയട്ടെ എന്ന് എം.ടി. രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ ഇത്തവണ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍ അത് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൂടിയുള്ള മറുപടിയല്ലേ എന്ന സുജയപാര്‍വതിയുടെ ചോദ്യത്തിന് ആദ്യം വിജയിക്കട്ടെ എന്ന് മറുപടി നല്‍കി ബി.ജെ.പി നേതാവ് എം.ടി. രമേശ്. റിപ്പോര്‍ട്ടര്‍ ടി.വിയുടെ പ്രത്യേക ഇലക്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചില മാധ്യമങ്ങളും ബി.ജെ.പി ഇവിടെ ജയിക്കില്ലെന്ന് പ്രചരിപ്പിച്ചിരുന്നെന്നും കേരളത്തില്‍ താമര വിരിയുകയാണെങ്കില്‍ അത് ആ മാധ്യമങ്ങള്‍ക്ക് കൂടിയുള്ള മറുപടിയായിരിക്കില്ലേ എന്നുമായിരുന്നു സുജയയുടെ ചോദ്യം. ഈ ചോദ്യത്തിനാണ് ആദ്യം വിരിയട്ടെ എന്ന് ചിരിച്ച് കൊണ്ട് ബി.ജെ.പിയുടെസംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എം.ടി. രമേശ് മറുപടി നല്‍കിയത്. ജയിക്കുമെന്ന് ഉറപ്പില്ലേ എന്ന് സുജയ തിരിച്ച് ചോദിക്കുകയും ചെയ്തു.

സുജയയുടെ ചോദ്യവും എം.ടി.രമേശിന്റെ മറുപടിയും ഫ്‌ളോറിലുണ്ടായിരുന്ന മറ്റുള്ളവരെയും ചിരിയിലാഴ്ത്തി. നരേന്ദ്രമോദി വിയര്‍ക്കുമെന്ന് പറഞ്ഞവരുണ്ടായിരുന്നു എന്നും അവര്‍ക്കെല്ലാം നാളെ മറുപടി പറയാമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് എം.ടി. രമേശ് പറഞ്ഞു.

അതേ സമയം തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ ബി.ജെ.പി മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയും ചര്‍ച്ചയില്‍ എം.ടി. രമേശ് പങ്കുവെച്ചു. എന്നാല്‍ തിരുവനന്തപുരവും തൃശൂരും കഴിഞ്ഞാല്‍ ഏറ്റവും സാധ്യതയുള്ള ഒരു മണ്ഡലത്തിന്റെ പേര് പറയാന്‍ അവതാരകന്‍ അരുണ്‍കുമാര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. മാത്രവുമല്ല അവിടെയൊക്കെ മത്സരിച്ച ആളുകളുടെ വിരോധം സമ്പാദിക്കാന്‍ താന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം മറുപടി നല്‍കി.

content highlights: Sujaya says if the lotus blooms in Kerala, is it not a response to the media? Let hatch first MT Ramesh

We use cookies to give you the best possible experience. Learn more