ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാണെങ്കില്‍ ഞാന്‍ സംഘി: സുജയ പാര്‍വതി
Kerala News
ബി.എം.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ സംഘിയാണെങ്കില്‍ ഞാന്‍ സംഘി: സുജയ പാര്‍വതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th March 2023, 11:38 pm

തിരുവനന്തപുരം: കേരളം സ്ത്രീകള്‍ കൂടുതല്‍ അതിക്രമത്തിന് ഇരയാകുന്ന സംസ്ഥാനമാണെന്ന് ട്വന്റിഫോറ് ന്യൂസ് അസോസിയേറ്റ് ന്യൂസ് എഡിറ്റര്‍ സുജയ പാര്‍വതി. സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ പാര്‍ട്ടികോടതികള്‍ അന്വേഷിക്കുന്ന കാലമാണിതെന്നും അവര്‍ പറഞ്ഞു. സംഘപരിവാര്‍ ബന്ധമുള്ള തൊഴിലാളി സംഘടനയായ ബി.എം.എസിന്റെ വനിതാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുജയ.

‘കേരളത്തില്‍ ഒരു ദിവസം 47 സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നു. ഞാന്‍ പറയുന്നത് യു.പിയെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമല്ല. ഈ കണക്കില്‍ നമ്മള്‍ വരുന്ന സമയം വിദൂരമല്ല. എവിടെയാണ് ഇവിടെ സ്ത്രീ സുരക്ഷ. പാര്‍ട്ടിയില്‍ തന്നെയുണ്ടാകുന്ന പരാതികള്‍ പാര്‍ട്ടി കോടതികള്‍ അന്വേഷിക്കുന്ന കാലമാണിത്.

സുജയ പാര്‍വതി

പൊതുവെ മാധ്യമപ്രവര്‍ത്തകര്‍ ബി.എം.എസ് പരിപാടിയില്‍ വരാന്‍ തീരുമാനിച്ചാല്‍ ഉണ്ടാകുന്ന ഒരു ചോദ്യം എനിക്കും നേരിടേണ്ടിവന്നു. നിങ്ങള്‍ സംഘിയാണോ? സംഘിയായതുകൊണ്ടാണോ പോകുന്നത് എന്ന്.

 

 

ബി.എം.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതുകൊണ്ട് സംഘിയാക്കണമെങ്കില്‍ ആക്കിക്കോട്ടെയെന്നാണ് ഞാന്‍ പറഞ്ഞത്. കാരണം ബി.എം.എസ് സി.ഐ.ടി.യു പോലെ മറ്റ് തൊഴിലാളി സംഘടന പോലേയും ആദരിക്കേണ്ട ഒരു സംഘടനയാണ്,’ സുജയ പാര്‍വതി പറഞ്ഞു.

വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങള്‍ വേണ്ടയെന്ന തീരുമാനത്തിലാണ് കഴിഞ്ഞ 16 വര്‍ഷവും മാധ്യമപ്രവര്‍ത്തനം നടത്തിയതെന്നും അവര്‍ പറഞ്ഞു.

‘എന്റെ വ്യക്തിപരമായി അനുഭവത്തില്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയായ സമയത്ത് റിപ്പോര്‍ട്ടിങിനായാലും മറ്റും അങ്ങോട്ട് പോകേണ്ടതില്ല എന്ന് നിലപാട് എടുത്തയാളാണ് ഞാന്‍. ഇങ്ങനെയൊരു നിലപാട് തൊഴിലിടത്തില്‍ എടുത്തതിന് എനിക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.

പക്ഷെ അതെന്റെ നിലപാടാണ്. എന്റെ വിശ്വാസമാണ്. വിശ്വാസവും നിലപാടും അടിയറവ് വെച്ചുകൊണ്ടുള്ള നേട്ടങ്ങള്‍ വേണ്ട എന്ന  തീരുമാനത്തിലാണ് കഴിഞ്ഞ 16 വര്‍ഷവും ഞാന്‍ ജോലി ചെയ്തത്.

അത് ഇനിയും അങ്ങനെയായിരിക്കും. ഏത് കോര്‍പ്പറേറ്റ് സംവിധാനത്തിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാലും ഇപ്പോള്‍ ജോലി ചെയ്യുന്ന തൊഴിലിടം മാറിയാലും, എന്റെ നയവും നിലപാടും അത് തന്നെയായിരിക്കും,’ സുജയ പറഞ്ഞു.