|

മോഹനും കുടുംബവുമെല്ലാം സമാധാനിപ്പിച്ചെങ്കിലും ഞാന്‍ പാട്ടിനെ വെറുത്തു; ഡിപ്രഷനിലേക്ക് വരെ നീങ്ങിയ ഘട്ടമായിരുന്നു അത്: സുജാത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

വിവാഹശേഷം പാട്ടില്‍ നിന്നും വിട്ടുനിന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സുജാത. വിവാഹശേഷം ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായെന്നും അതോടെ ചുറ്റുമുള്ള ചിലരൊക്കെ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങിയെന്നും സുജാത പറയുന്നു.

അതോടെ താന്‍ പാട്ടിനെ വെറുത്തുവെന്നും ഡിപ്രഷനിലേക്ക് പോയെന്നും സുജാത പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘വിവാഹം കഴിഞ്ഞ് ചെന്നൈയിലെത്തിയ സമയത്ത് ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി പോയി. സങ്കടവും വിഷമവുമൊക്കെ മറികടന്നു. വീണ്ടും ഗര്‍ഭിണിയായെങ്കിലും അതും അങ്ങനെ തന്നെ സംഭവിച്ചു. അതോടെ ചുറ്റുമുള്ള ചിലരൊക്കെ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. പാട്ടുപാടി നടക്കുന്നത് കൊണ്ട് കുട്ടികളെ പോലും വേണ്ടെന്നുവെച്ചു എന്നൊക്കെയായിരുന്നു സംസാരം.

നമ്മുടെ വീട്ടിനുള്ളില്‍ നടക്കുന്നതൊന്നും അവര്‍ക്കറിയില്ലല്ലോ. അമ്മയും മോഹനും കുടുംബവുമെല്ലാം സമാധാനിപ്പിച്ചെങ്കിലും ഞാന്‍ പാട്ടിനെ വെറുത്തു. ഡിപ്രഷനിലേക്ക് വരെ നീങ്ങിയ ഘട്ടം. പാട്ടിനോട് അകല്‍ച്ചയുണ്ടെങ്കിലും ദാസേട്ടന്‍ വിളിച്ചാല്‍ പാടാന്‍ പോകാതെ പറ്റില്ല. അങ്ങനെയിരിക്കെ സിലിഗുരിയില്‍ ഒരു ഷോ. പോകുന്നതിന് മുമ്പ് കുറച്ചു ക്ഷീണം തോന്നി ഡോക്ടറെ കണ്ടിരുന്നു. പരിശോധനകള്‍ക്കായി സാംപിളുകളും നല്‍കി.

എന്തോ കാരണം കൊണ്ട് ഫ്‌ലൈറ്റ് മിസായപ്പോള്‍ ട്രൂപ്പിന് വേണ്ടി ദാസേട്ടന്‍ ബസ് വരുത്തി. കുന്നും മലകളും താണ്ടി പത്തു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. പകുതി ദൂരം ചെന്ന ശേഷം വിവരം പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അമ്മ ആ സന്തോഷവാര്‍ത്ത പറഞ്ഞത്, ‘ടെസ്റ്റ് റിസല്‍റ്റ് പോസിറ്റീവാണ്, ഗര്‍ഭിണിയാണ്’ എന്ന്,’ സുജാത മോഹന്‍ പറയുന്നു.

Content Highlight: Sujatha talks about her break from singing after marriage

Video Stories