യേശുദാസിനെ കുറിച്ച് സംസാരിക്കുകയാണ് ഗായിക സുജാത. ചെറുപ്പം മുതല്‍ തന്നെ യേശുദാസിന്റെ വലിയ ആരാധികയായിരുന്നു താനെന്നും അദ്ദേഹത്തോടൊപ്പം പാടാന്‍ അന്നുമുതലേ ആഗ്രഹമുണ്ടായിരുന്നുവെന്നും സുജാത പറയുന്നു. വനിതാ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.
‘കലാഭവനിലെ കുട്ടികളുടെ ട്രൂപ്പായ ബാലഗാനമേളയില്‍ സെലക്ഷന്‍ കിട്ടിയതാണ് പാട്ടിലെ വഴിത്തിരിവ്. ആബേലച്ചനാണ് ട്രൂപ്പിലേക്ക് വിളിച്ചത്. ‘മല്ലികേ മല്ലികേ മാലതീ മല്ലികേ’, ‘ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍’, ‘ഗോപുര മുകളില്‍’ ഒക്കെയായിരുന്നു അന്നത്തെ പാട്ടുകള്‍. പാടുന്നത് മാത്രമല്ല, പരിപാടിയുടെ അവതാരകയും ഞാനാണ്.
‘ഉണ്ണിക്കിടാങ്ങള്‍ പിഴച്ചു കാല്‍വയ്ക്കിലും കണ്ണിനു കൗതുകമുണ്ടാം പിതാക്കള്‍ക്ക്’ എന്ന വരികള്‍ പാടിയാണ് പാട്ടിലേക്കു കടക്കുക. ഫുള്‍ പ്രോഗ്രാമായിരുന്നു അന്ന്. പത്മജ, ജെന്‍സി, ലില്ലി പിന്നെ ഞാനുമായിരുന്നു പാട്ടുകാര്‍. ഗിറ്റാറിസ്റ്റായ എമില്‍ ഐസക്കും വയലിനിസ്റ്റായ റെക്‌സ് ചേട്ടനുമായിരുന്നു കുട്ടി ടീമിനു പ്രാക്ടീസ് തരുന്നത്. അവരാണ് എന്റെ കരിയറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ ആദ്യ രണ്ടുപേര്‍.
ദാസേട്ടന്‍ ചിരിച്ചുകൊണ്ടു എന്റെ ചുമലില്‍ തട്ടി. അന്ന് വൈകിട്ട് കുളിക്കാന്‍ എനിക്ക് മടിയായിരുന്നത്രേ, ദാസേട്ടന്റെ കൈതൊട്ട ചുമലില്‍ വെള്ളമൊഴിച്ചു കഴുകാനാകില്ലല്ലോ
ഒരിക്കല്‍ എറണാകുളത്ത് ഒരു ഹോട്ടലില്‍ വെച്ച് ദാസേട്ടനെ കണ്ടു. ദാസേട്ടന്‍ കൈ കഴുകാന്‍ പോയപ്പോള്‍ ഞാന്‍ പിന്നാലെ ഓടി ചെന്നത്രേ. അതുകണ്ട് ദാസേട്ടന്‍ ചിരിച്ചുകൊണ്ടു എന്റെ ചുമലില്‍ തട്ടി. അന്ന് വൈകിട്ട് കുളിക്കാന്‍ എനിക്ക് മടിയായിരുന്നത്രേ, ദാസേട്ടന്റെ കൈതൊട്ട ചുമലില്‍ വെള്ളമൊഴിച്ചു കഴുകാനാകില്ലല്ലോ.
പിന്നെയും ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞാണ് അടുത്ത കൂടിക്കാഴ്ച. അച്ഛന്റെ അമ്മാവന്റെ മകളുടെ വിവാഹം ഗുരുവായൂരില്‍ നടക്കുന്നു. അവിടെ ദാസേട്ടന്റെ ഗാനമേളയുണ്ട്. അമ്മാവന്‍ എന്നെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുപോയി, ഒരു പാട്ടുപാടിക്കാമോ എന്ന അപേക്ഷയുമായി. ദാസേട്ടന്‍ എന്നെ കൈപിടിച്ചു സ്റ്റേജിലേക്കു കയറ്റി. ‘മഴവില്‍ക്കൊടി കാവടി’ എന്ന പാട്ടാണ് അന്ന് പാടിയത്.
കലാഭവന്റെ കലാമത്സരങ്ങള്‍ക്ക് ഒരിക്കല്‍ ജഡ്ജായി വരുന്നത് ദാസേട്ടനാണ് എന്ന് അറിഞ്ഞ് ഞാനും പേരുകൊടുത്തു. ചെസ് നമ്പര്‍ വിളിച്ചപ്പോള്‍ പാടാനായി ചെന്ന എന്നെ കണ്ട് ആകെ പ്രശ്‌നം, ബാലഗാനമേളയില്‍ പാടുന്നയാള്‍ക്ക് മത്സരിക്കാന്‍ ആകില്ലത്രേ, ദാസേട്ടന്റെ മുന്നില്‍ പാട്ടുപാടണമെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു കുളമാക്കി. പക്ഷേ, അനുവാദം കിട്ടിയില്ല,’ സുജാത മോഹന്‍ പറയുന്നു.
Content highlight: Sujatha Mohan talks K J Yesudas