|

ആരെയും കൂസാത്ത സ്വഭാവമാണ് ആ ഗായകന്, ഞാന്‍ അദ്ദേഹത്തെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട്: സുജാത മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതപ്രേമികള്‍ക്ക് ഏറൈ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

മലയാളത്തിന്റെ ഭാവഗായകനായ പി. ജയചന്ദ്രനെക്കുറിച്ച് സംസാരിക്കുകയാണ് സുജാത. കുട്ടിക്കാലം മുതലേ ജയചന്ദ്രനെ അറിയാമായിരുന്നെങ്കിലും പരിചയപ്പെടാനോ സംസാരിക്കാനോ സാധിച്ചിട്ടില്ലെന്ന് സുജാത പറഞ്ഞു. യേശുദാസിനെ ആദരിക്കുന്ന ഒരു ചടങ്ങില്‍ വെച്ചാണ് ജയചന്ദ്രനോട് ആദ്യമായി സംസാരിച്ചതെന്നും ആ അനുഭവം ഒരിക്കലും മറക്കില്ലെന്നും സുജാത കൂട്ടിച്ചേര്‍ത്തു.

ഇടക്ക് മലയാളത്തില്‍ നിന്ന് അദ്ദേഹം ഇടവേളയെടുത്തെന്നും തിരിച്ചുവരവില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ പാട്ടില്‍ തനിക്കും കൂടെ പാടാന്‍ സാധിച്ചെന്നും സുജാത പറഞ്ഞു. പിന്നീട് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തോടൊപ്പം പാടാന്‍ സാധിച്ചെന്നും അതെല്ലാം ഇന്നും പലരുടെയും ഫേവറെറ്റാണെന്നും സുജാത കൂട്ടിച്ചേര്‍ത്തു.

ആരെയും കൂസാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും ആരെയും പേടിക്കാതെ നില്‍ക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തോട് തനിക്ക് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ടെന്നും സുജാത പറഞ്ഞു. ആരോടും എന്തും തുറന്നുപറയാന്‍ മടികാണിക്കാത്ത ആളായിരുന്നു ജയചന്ദ്രനെന്നും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ലെന്നും സുജാത കൂട്ടിച്ചേര്‍ത്തു. അത്തരം ആളുകള്‍ വളരെ കുറാവാണെന്ന് സുജാത പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘ജയന്‍ ചേട്ടന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മില്‍ ബന്ധമുണ്ട്. അങ്ങനെ അദ്ദേഹത്തെപ്പറ്റി എന്റെ കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കാറുണ്ട്. പക്ഷേ, ആ സമയത്തൊന്നും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. ആദ്യമായി ജയന്‍ ചേട്ടനെ കാണുന്നത് ദാസേട്ടനെ ആദരിക്കുന്ന ഒരു പരിപാടിയില്‍ വെച്ചാണ് അന്ന് അദ്ദേഹത്തിന് ബൊക്കെ കൊടുത്തത് ഞാനായിരുന്നു.

പിന്നീട് അദ്ദേഹവുമായി ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് പാടിയത് നിറം എന്ന സിനിമയിലാണ്. ആ സിനിമക്ക് മുമ്പ് അദ്ദേഹം മലയാളത്തില്‍ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തിരുന്നു. തിരിച്ചുവരവില്‍ ആദ്യമായി പാടിയ പാട്ടില്‍ ഞാനുമുണ്ടായിരുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്. പിന്നീട് ഒരുപാട് ഹിറ്റ് പാട്ടുകള്‍ ഞങ്ങള്‍ ഒരുമിച്ച് പാടിയിട്ടുണ്ട്.

ആരെയും കൂസാത്ത, ആരെയും പേടിക്കാത്ത സ്വഭാവമായിരുന്നു ജയന്‍ ചേട്ടന്റേത്. അങ്ങനെ ജീവിക്കുന്ന അദ്ദേഹത്തിന്റെ രീതിയോട് എനിക്ക് പലപ്പോഴും ആരാധന തോന്നിയിട്ടുണ്ട്. എന്തും തുറന്നുപറയാന്‍ മടികാണിക്കാത്ത ആളായിരുന്നു ജയന്‍ ചേട്ടന്‍. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. അത്തരം ആളുകള്‍ വളരെ കുറവാണ്,’ സുജാത പറഞ്ഞു.

Content Highlight: Sujatha Mohan shares the memories of P Jayachandran

Latest Stories