| Sunday, 5th January 2025, 2:25 pm

ഇസ്രഈലി സൈനികര്‍ക്ക് ജീവിതം മടുക്കുന്നു; 2023 ഒക്ടോബറിന് ശേഷം ആത്മഹത്യ ചെയ്തവരില്‍ വന്‍ വര്‍ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഗസയിലെ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇസ്രഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഏകദേശം 28 സൈനികര്‍ ആത്മഹത്യ ചെയ്തതായാണ് കണക്ക്.

ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള കണക്കുകളേക്കാള്‍ ഉയര്‍ന്ന അളവിലാണിത്‌. ഒക്ടോബറിന് മുമ്പ് പത്ത് സൈനികരാണ് കൊല്ലപ്പെട്ടത്. 2022ല്‍ 14പേരും 2021ല്‍ 11 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇസ്രഈല്‍ സൈന്യം തന്നെയാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

2023-2024 കാലഘട്ടത്തിലെ മരണസംഖ്യ കഴിഞ്ഞ പത്ത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന് നിരക്കിലാണ് ഇപ്പോഴുള്ളതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സൈന്യം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഗസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കുറഞ്ഞത് 891 ഇസ്രഈലി സൈനികര്‍ കൊല്ലപ്പെടുകയും 5,569 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

2023ല്‍ 558 സൈനികരും 2024ല്‍ 363 സൈനികരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. 2022ല്‍ 44 ഇസ്രഈല്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുദ്ധം കഴിഞ്ഞാല്‍ ഇസ്രഈല്‍ സൈനികരുടെ മരണത്തിന് പിന്നിലെ രണ്ടാമത്തെ കാരണമായി ആത്മഹത്യകള്‍ മാറി. രോഗബാധയിലൂടേയും അപകടങ്ങളിലൂടേയും മരണപ്പെട്ടവരുടെ കണക്കുകളേക്കാള്‍ കൂടുതല്‍ ആണിത്.

അതേസമയം ഇസ്രഈല്‍ ഭരണകൂടം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും യുദ്ധത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അതൃപ്തി ഭയന്ന് സൈനികരുടെ യഥാര്‍ത്ഥ മരണ കണക്കുകള്‍ പുറത്തുവിടാതിരിക്കുകയാണെന്ന് ആക്ഷേപവുണ്ട്. വാസ്തവത്തില്‍ മരണനിരക്ക് വളരെ കൂടുതലാണെന്ന് ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ പറയുന്നു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 39,000ല്‍ അധികം കോളുകള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വന്നതായും ഇത് സൈന്യത്തിലെ ആത്മഹത്യകള്‍ തടയാന്‍ സഹായിക്കുന്നുണ്ടെന്നും ഇസ്രഈലി ഭരണകൂടം അറിയിച്ചു. സൈനികരെ സഹായിക്കാന്‍ യുദ്ധത്തിനിടയില്‍ 800 മാനസികാരോഗ്യ ഓഫീസര്‍മാരുടെ നിയമന അപേക്ഷയും സൈന്യം വിളിച്ചിട്ടുണ്ട്.

മാനസിക പിരിമുറുക്കം കാരണം ആയിരക്കണക്കിന് റിസര്‍വ് സൈനികര്‍ യുദ്ധമേഖലകളില്‍ സേവനം ചെയ്യുന്നത് നിര്‍ത്തിയതായും സൈന്യം അറിയിച്ചിരുന്നു.

ഒക്ടോബറില്‍, 130ലധികം വരുന്ന ഇസ്രഈല്‍ സൈനികരും വിവിധ സൈനിക ശാഖകളില്‍ നിന്നുള്ള റിസര്‍വിസ്റ്റുകളും നിര്‍ബന്ധിത സൈനികരും ചേര്‍ന്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു തുറന്ന കത്ത് സര്‍ക്കാരിന് അയച്ചിരുന്നു. വെടി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണം, ബന്ദികളാക്കിയവരെ വിട്ടയക്കാനായി പ്രവര്‍ത്തിക്കണം അല്ലാത്തപക്ഷം സേവനം അവസാനിപ്പിക്കുമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

Content Highlight: Suicides cases increased in Israeli forces after Gaza war started

We use cookies to give you the best possible experience. Learn more