| Sunday, 3rd November 2024, 10:28 pm

തെലങ്കാനയിൽ താഴ്ന്ന റാങ്കിലുള്ള പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ താഴ്ന്ന റാങ്കിലുള്ള പൊലീസുകാരുടെ ആത്മഹത്യ വർധിക്കുന്നതായി സൂചന. രണ്ട് മാസത്തിനുള്ളിൽ തെലങ്കാനയിലെ താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരിൽ നാല് ആത്മഹത്യകളാണ് ഉണ്ടായിരിക്കുന്നത്.

പലരുടെയും മരണങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കും അനുബന്ധ കുടുംബ പ്രശ്‌നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ഒരു ‘സർക്കാർ ജോലി’യിൽ ആയിരുന്നിട്ടും, പൊലീസുകാർക്ക് വേണ്ട തൊഴിൽ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഇല്ലാതെയാകുന്നു എന്ന ആശങ്കകൾ ഉയർത്തുന്നതാണ് ഈ മരണങ്ങളെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതോടൊപ്പം സമീപകാലത്ത് ഉണ്ടായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയും ഒരു വനിതാ ഓഫീസറുടെ ആത്മഹത്യാശ്രമവും, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള ബലാത്സംഗം, ജോലിസ്ഥലത്തെ പീഡനം തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.

ഒക്‌ടോബർ 13 ന്, മഹാബൂബാദ് കളക്‌ട്രേറ്റിലെ സായുധ റിസർവ് (എ.ആർ) പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ജി. ശ്രീനിവാസ് തൻ്റെ എസ്.എൽ.ആർ സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിച്ചിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം സ്വയം വെടിയുതിർത്ത സംഭവം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

ഹെഡ് കോൺസ്റ്റബിൾ ജി. ശ്രീനിവാസ് ജീവനൊടുക്കിയ അതേ ദിവസം തന്നെ, ബർഗംപഹാഡ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഭുക്യ സാഗർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.

സമീപകാല പൊലീസ് ആത്മഹത്യകളിൽ ദൃശ്യമായിരിക്കുന്നത് , ഇരകൾ കൂടുതലും താഴ്ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് എന്നതാണ്. അവർ കൂടുതൽ പ്രതികൂലമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്ന് സിയസത്ത് റിപ്പോർട്ട് ചെയ്തു.

Content Highlight: Suicides among low-ranking cops raise concern in Telangana

We use cookies to give you the best possible experience. Learn more