| Monday, 1st August 2016, 4:36 pm

നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാക്കളുടെ ആത്മഹത്യാ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിലെ മരത്തിലും കെട്ടിടത്തിലും കയറി ഒരു കൂട്ടം ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി. ഇന്ത്യന്‍ റിസര്‍വ്വ് ബെറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരുസംഘം യുവാക്കളാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ആറ് വര്‍ഷമായിട്ടും നിയമനം ലഭിക്കാത്തതിനാല്‍ എത്രയും പെട്ടെന്ന്തന്നെ നിയമനം സാധ്യമാക്കണം എന്ന  ആവശ്യം ഉന്നയിച്ചാണ് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ആറ് യുവാക്കളാണ് മരത്തിന് മുകളിലും ബഹുനില കെട്ടിടത്തിന് മുകളിലും കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്.
ഇവരെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള അനുരഞ്ജനശ്രമങ്ങള്‍ തുടരുകയാണ്. ഡി.ജി.പി ക്ഷണിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് പോയിട്ടുണ്ട്. തങ്ങളുടെ നിയമനകാര്യത്തില്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ ഉറപ്പ് കിട്ടിയാല്‍ മാത്രമെ താഴെക്ക് ഇറങ്ങുകയുള്ളൂവെന്ന നിലപാടിലാണ് മറ്റു ഉദ്യോഗാര്‍ഥികള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല  സത്യാഗ്രഹം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഒരാളെ അസ്പത്രിയിലേക്ക് മാറ്റിയിരുന്നു.

രണ്ടു ലക്ഷം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്നാണ് 999 പേരടങ്ങിയ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. ഇതില്‍ 550 പേര്‍ക്കാണ് ഇനിയും നിയമനം ലഭിക്കാനുള്ളത്.

We use cookies to give you the best possible experience. Learn more