ടോകിയോ: കൊവിഡ് മഹാമാരി കാരണം സ്‌കൂളുകള്‍ അടച്ചുപൂട്ടിയതിന് ശേഷം ജപ്പാനില്‍ 415 കുട്ടികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സര്‍വേ കണക്കുപ്രകാരം പ്രാദേശിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
എലമെന്ററി സ്‌കൂള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികളുടെ കണക്കാണ് പുറത്തുവിട്ടത്. 40 വര്‍ഷത്തിനിടയിലെ കുട്ടികളിലെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കാണ് കൊവിഡ് സമയത്തേത്.
1974ല്‍ ഇത്തരത്തില്‍ കണക്ക് ശേഖരിക്കുന്നത് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുമാണ് 415 കുട്ടികളുടെ ആത്മഹത്യ.
ജി7 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് ഉണ്ടായിരുന്നത് ജപ്പാനിലായിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി നടപ്പാക്കിയ വിവിധ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങളുടേയും ഫലമായി 2009 മുതല്‍ തുടര്‍ച്ചയായ 10 വര്‍ഷം ജപ്പാനില്‍ ആത്മഹത്യാ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.