| Saturday, 21st December 2024, 10:34 am

നിക്ഷേപകന്റെ ആത്മഹത്യ; മുന്‍ ബാങ്ക് പ്രസിഡന്റ് സാബുവിനെ ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ സന്ദേശം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കട്ടപ്പന: ഇടുക്കിയില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാബുവിനെ മുന്‍ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സന്ദേശം പുറത്ത്. മുന്‍ പ്രസിഡന്റ് വി.ആര്‍. സജിയും സാബുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്.

അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമാണ് സന്ദേശത്തില്‍ വി.ആര്‍. സജി സാബുവിനോട് പറയുന്നത്.

ബാങ്ക് സെക്രട്ടറിയെ സാബുവാണ് മര്‍ദിച്ചതെന്നും ഈ മാസത്തെ തുക നല്‍കിയെന്നും സജി പറയുന്നുണ്ട്. കട്ടപ്പന സി.പി.ഐ.എം മുൻ ഏരിയ സെക്രട്ടറി കൂടിയായിരുന്നു സജി.

‘എല്ലാം അറിഞ്ഞതിന് ശേഷമാണ് തങ്ങള്‍ മിണ്ടാതിരിക്കുന്നത്. നിങ്ങള്‍ക്ക് പണി അറിയാത്തതുകൊണ്ടാണ്. ഒരു പ്രസ്ഥാനത്തില്‍ കേറിവന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. പണി മനസിലാക്കിത്തരാം,’ എന്നാണ് നിക്ഷേപകനോട് സജി പറയുന്നത്.

സാബു പറയുന്ന കാര്യങ്ങള്‍ തങ്ങള്‍ വിശ്വസിക്കില്ലെന്നും തനിക്ക് പണി അറിയാത്തതുകൊണ്ടാണെന്നും സജി ആവര്‍ത്തിച്ച് സന്ദേശത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് കോള്‍ കട്ട് ചെയ്യുകയുമായിരുന്നു.

ഇന്നലെ (വെള്ളിയാഴ്ച) കട്ടപ്പനയിലെ റൂറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് നിക്ഷേപകന്‍ ജീവനൊടുക്കിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവര്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

സാബുവില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. മരണത്തിന് ഉത്തരവാദി ബാങ്കെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണമാണ്, അത് തിരികെ നല്‍കിയില്ലെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ജീവനക്കാരന്‍ അപമാനിക്കുകയും അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തതായും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു സാബുവിന്റെ ആത്മഹത്യ കുറിപ്പ്.

വ്യാഴാഴ്ച്ച നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. കട്ടപ്പനയില്‍ ഒരു വ്യാപാര സ്ഥാപനം നടത്തുന്ന വ്യക്തിയാണ് സാബു. 25 ലക്ഷത്തോളം രൂപ ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു വിവരം.

മുമ്പ് ഇത് തിരിച്ചാവശ്യപ്പെട്ട സാബുവുമായി പ്രതിസന്ധിയിലാണെന്ന് കാണിച്ച് ബാങ്ക് ഒരു തീര്‍പ്പിലെത്തിയിരുന്നു. പ്രതിമാസം ഒരു നിശ്ചിത തുക കൈമാറാമെന്നായിരുന്നു ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം നിക്ഷേപ തുക വാങ്ങുന്നതിനായി ബാങ്കിലെത്തിയ സാബു സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലാകുകയായിരുന്നു. പങ്കാളിയുടെ ചികിത്സാ ആവശ്യത്തിനായാണ് സാബു നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്.

Content Highlight: Suicide of Investor; The phone message of threatening former bank president Sabu is out

We use cookies to give you the best possible experience. Learn more