കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യയില്‍ റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സൊസൈറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. റെജി എബ്രഹാം, സുജാമോള്‍ ജോസ്, ബിനോയി തോമസ്, എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സാബുവിന്റെ ആത്മഹത്യ കുറിപ്പില്‍ ഇവരുടെ പേരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പ്രേരണാകുറ്റം ചുമത്തമണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
എന്നാല്‍ ബാങ്കിലെ എല്ലാ ജീവനക്കാരുടെയെല്ലാം മൊഴി എടുത്തുവരികയാണെന്നും സസ്‌പെന്റ് ചെയ്തവര്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തണമെങ്കില്‍ അന്വേഷണം പൂര്‍ത്തിയാവണമെന്ന് പൊലീസ് അറിയിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് കട്ടപ്പനയിലെ റൂറല്‍ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയത്. ബാങ്കിന് സമീപത്ത് താമസിക്കുന്നവര്‍ സാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
സാബുവില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. മരണത്തിന് ഉത്തരവാദി ബാങ്കെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണമാണ്, അത് തിരികെ നല്‍കിയില്ലെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ജീവനക്കാരന്‍ അപമാനിക്കുകയും അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തതായും കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു സാബുവിന്റെ ആത്മഹത്യ കുറിപ്പ്.
വ്യാഴാഴ്ച്ച നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു ബാങ്കില്‍ എത്തിയിരുന്നു. കട്ടപ്പനയില്‍ ഒരു വ്യാപാര സ്ഥാപനം നടത്തുന്ന വ്യക്തിയാണ് സാബു. 25 ലക്ഷത്തോളം രൂപ ഇദ്ദേഹം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു വിവരം.
മുമ്പ് ഇത് തിരിച്ചാവശ്യപ്പെട്ട സാബുവുമായി പ്രതിസന്ധിയിലാണെന്ന് കാണിച്ച് ബാങ്ക് ഒരു തീര്‍പ്പിലെത്തിയിരുന്നു. പ്രതിമാസം ഒരു നിശ്ചിത തുക കൈമാറാമെന്നായിരുന്നു ഇരുകൂട്ടരും ചേര്‍ന്ന് തീരുമാനിച്ചിരുന്നത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം നിക്ഷേപ തുക വാങ്ങുന്നതിനായി ബാങ്കിലെത്തിയ സാബു സ്ഥാപനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലാകുകയായിരുന്നു. പങ്കാളിയുടെ ചികിത്സാ ആവശ്യത്തിനായാണ് സാബു നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്.
സാബു ആത്മഹത്യ ചെയ്തതിന് പിന്നാലെ സാബുവിനെ മുന്‍ ബാങ്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സന്ദേശം പുറത്ത് വന്നിരുന്നു. മുന്‍ പ്രസിഡന്റ് വി.ആര്‍. സജിയും സാബുവുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. അടി വാങ്ങേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നുമാണ് സന്ദേശത്തില്‍ വി.ആര്‍. സജി സാബുവിനോട് പറയുന്നത്.
Content Highlight: Suicide of investor; suspension of three society employees