എലപ്പുള്ളി: പാലക്കാട് പൊലീസ് ഭീഷണിയെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം പൊലീസിന്റെ ദളിത് വിരുദ്ധ മനോഭാവത്തിന്റെ തുടര്‍ച്ചയാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ദളിത് പ്രവര്‍ത്തകര്‍. ചൊവ്വാഴ്ചയാണ് പള്ളത്തേരി, ചേവല്‍ക്കാട് പല്‍പ്പുവിന്റെ മകന്‍ സന്തോഷ് (27) ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസിന്റെ തുടര്‍ച്ചയായ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
പൊലീസിന്റെ ദളിത് വിരുദ്ധ ബോധത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നും അഭ്യന്തര വകുപ്പിന്റെ പരാജയമാണിതെന്നും ദളിത് പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ പൊലീസിനെ ഇപ്പോഴും നയിക്കുന്നത് പഴയ ബോധങ്ങളും ആശയങ്ങളുമാണെന്നും ആഴത്തിലുള്ള മാറ്റത്തോടെയല്ലാതെ പൊലീസിന്റെ ദളിത് വേട്ട അവസാനിക്കില്ലെന്നും ദളിത് ആക്ടിവിസ്റ്റായ രേഖ രാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
Read Also | ഒരു നീലക്കൊടിക്ക് കീഴില്‍ ഒരുമിക്കുമോ കേരളത്തിലെ ദളിത് സമൂഹം?
“സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പരാജയമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി പൊലീസ് പ്രതികളായ പല കേസുകളും പുറത്ത് വരികയാണ്. ദളിതരോടും കുറച്ച് വ്യത്യസ്തരായിട്ടുള്ള മനുഷ്യരോടുമുള്ള പൊലീസിന്റെ മനോഭാവമാണ് പ്രശ്‌നം. പൊതു സമൂഹം “നോര്‍മല്‍” എന്ന് നിശ്ചയിച്ചിട്ടുള്ള പരിധിക്ക് പുറത്ത് നില്‍ക്കുന്ന എല്ലാവരെയും ക്രിമിനലുകളായും കുഴപ്പക്കാരുമായാണ് പൊലീസ് കാണുന്നത്. ദളിതര്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനുമെതിരെയുള്ള ആക്രമണ പ്രവണത പൊലീസിന് പണ്ടുമുതലേയുള്ളതാണ്. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് വലിയ തോതില്‍ പുറത്തേക്ക് വരുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തര വകുപ്പിന് പൊലീസിന്റെ മേല്‍ എന്തെങ്കിലും നിയന്ത്രണമുണ്ടോ എന്നാണ് പ്രധാനപ്പെട്ട ചോദ്യം. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെ ഗൗരവമായ നടപടികളെടുക്കുക എന്നതാണ് ഉടനെ ചെയ്യാനാവുന്ന കാര്യം. പിന്നെയുള്ളത് വിശാലമായി നടപ്പാക്കേണ്ട കാര്യമാണ്. പഴയ പൊതുബോധങ്ങളിലും ആശയങ്ങളിലുമാണ് പൊലീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അതില്‍ നിന്ന് പുറത്ത് വരാനുള്ള തുടര്‍ച്ചയായ പരിശീലനം നല്‍കുകയും പുതിയ ആശയങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യേണ്ടതാണ്.” – രേഖ പറഞ്ഞു.
നിര്‍മ്മാണത്തൊഴിലാളിയായ സന്തോഷ് ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയ ശേഷം വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് ഭീഷണിയാണ് സന്തോഷിന്റെ ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും സന്തോഷിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ബന്ധുക്കളും നാട്ടുകാരും വൈകീട്ട് അഞ്ച് മുതല്‍ ഒരു മണിക്കൂറോളം പാലക്കാട്-പൊള്ളാച്ചി പാത ഉപരോധിക്കുകയും ചെയ്തിരുന്നു.
മൂന്ന് മാസം മുമ്പ് നടന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലെറിഞ്ഞെന്ന കേസില്‍ സന്തോഷിനെയും രണ്ട് പേരെയും പൊലീസ് കസബ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. കേസില്‍ നഷ്ടപരിഹാരമായി 60,000 രൂപ നല്‍കണമെന്ന് സന്തോഷിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി വീടുപോലുമില്ലാത്ത സന്തോഷിന് ഇത്രയും തുക നല്‍കാനാവുമായിരുന്നില്ല. ചൊവ്വാഴ്ച പണം നല്‍കാനുള്ള അവസാന ദിവസമായിരുന്നെങ്കിലും സന്തോഷിന് പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല.
കസബ സ്റ്റേഷനിലെ സുരേഷ് എന്ന പൊലീസുകാരന്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കല്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് സന്തോഷ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് വൈകീട്ട് 6.30 ഓടെ മാത്രമാണ് മൃതദേഹം താഴെയിറക്കാന്‍ പൊലീസിനായുള്ളൂ.
Related Story| ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ പരാതിപ്പെട്ട വനിതാ പഞ്ചായത്തംഗത്തെ ബി.ജെ.പി നേതാവ് ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്ന് പരാതി
പൊലീസിന്റെ ദളിത് അക്രമങ്ങള്‍ക്കെതിരെ ഇതിന് മുന്‍പും നിരന്തരം പരാതികളും പ്രതിഷേധങ്ങളുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ തൃശ്ശൂരില്‍ പൊലീസ് കസ്റ്റഡിയിലെ ക്രൂരമര്‍ദ്ദനവും അവഹേളനവും കാരണം വിനായകന്‍ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.
വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് “തെളിവായി” പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.
വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു.