ഹൈദരാബാദ് സര്‍വ്വകലാശാലയിലെഹോസ്റ്റലില്‍ നിന്നും പുറത്താക്കപ്പെട്ട ദളിത് വിദ്യാര്‍ത്ഥി നേതാവ് ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് സഹവിദ്യാര്‍ത്ഥികള്‍ കേട്ടത്. ബി.ജെ.പിയെയും എ.ബി.വി.പിയെയും സര്‍വ്വകലാശാല അധികൃതര്‍ വെച്ചുപുലര്‍ത്തുന്ന സംഘപരിവാര്‍ വിധേയത്വത്തെയും എതിര്‍ത്തതിനായിരുന്നു രോഹിത് അടക്കം അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്.
ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പ്രചരിപ്പിച്ചു. യാക്കൂബ് മേമന്റെ വധശിക്ഷയെ എതിര്‍ത്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയത്. പ്രേതിഷേധത്തെ തുടര്‍ന്ന് ഈ തീരുമാനം പിന്‍വലിച്ചുവെങ്കിലും. ബി.ജെ.പി നേതൃത്വത്തില്‍ നിന്നും അവസാനം മാനവിഭശേഷി മന്ത്രാലയത്തില്‍ നിന്നും വരെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം വന്നു
വിദ്യാര്‍ത്ഥികളെ പുറത്താക്കിക്കൊണ്ടുള്ള സര്‍വ്വകലാശാല ഉത്തരവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നതിനിടയ്ക്കാണ് വിദ്യാര്‍ത്ഥി അവകാശ പോരാട്ടങ്ങളില്‍ മുന്നിലുണ്ടായിരുന്ന എ.എസ്.എയുടെ സജീവ പ്രവര്‍ത്തകനുമായ രോഹിത് സംഘടനയുടെ കൊടിയില്‍ തൂങ്ങി ജീവന്‍ അവസാനിപ്പിച്ചത്.
രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ / കൊലപാതകം ഇന്ത്യയിലെ ക്യാമ്പസുകളെ പ്രക്ഷോഭത്തിലേക്ക് തുറന്നിടുകയാണ്.
രോഹിത്തിന്റെ ആത്മഹത്യക്കുറിപ്പ് പൂര്‍ണരൂപം.
ഗുഡ് മോണിങ്
നിങ്ങള്‍ ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കില്ല. എന്നോട് ദേഷ്യം തോന്നരുത്. നിങ്ങളില്‍ ചിലര്‍ എന്ന ശരിക്കും സംരക്ഷിക്കുന്നുണ്ടെന്നും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും എനിക്കറിയാം. ആരോടും എനിക്ക് പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഞാനൊരു ഭീകരരൂപിയായി മാറിയിരിക്കുന്നു.
ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രലേഖകന്‍… എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…
ഞാന്‍ ശാസ്ത്രത്തെയും നക്ഷത്രയും പ്രകൃതിയെയും സ്‌നേഹിച്ചു. എന്നിട്ടും പ്രകൃതിയില്‍ നിന്നും അകന്ന ശേഷം മനുഷ്യര്‍ ദീര്‍ഘദൂരം താണ്ടിയിരിക്കുന്നു എന്നറിയാതെ ജീവിക്കുന്ന മനുഷ്യരെ ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാംതരം മാത്രമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിതമാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറംപിടിക്കപ്പെട്ടതാണ്. കൃത്രിമകലകളിലൂടെയാണ് ഞങ്ങളുടെ മൗലികത സാധുവായിത്തീരുന്നത്. വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് തീര്‍ത്തും ബുദ്ധിമുട്ടുള്ളകാര്യമായി മാറിയിരിക്കുകയാണ്.
പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേയ്ക്ക്, അല്ലെങ്കില്‍, ഒരു വസ്തുവിലേക്ക്. എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല.
നക്ഷത്രധൂളികളില്‍ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിര്‍മ്മിക്കപ്പെടുന്നത്; പഠനങ്ങളിലും, തെരുവുകളിലും രാഷ്ട്രീയത്തിലും, ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.
ഒരു പക്ഷേ എല്ലായ്‌പ്പോഴും ഈ ലോകത്തെ മനസിലാക്കിയതില്‍ എനിക്കു തെറ്റുപറ്റിയതായിരിക്കാം… സ്‌നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍. യാതൊരു അത്യാവശ്യവുമില്ല; എന്നിട്ടും ഞാന്‍ എല്ലായ്‌പ്പോഴും തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്. ഒരു ജീവിതം തുടങ്ങാന്‍പോലും നിരാശ. ചിലയാളുകളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും ജീവിതം എന്നതുതന്നെ ഒരു ശാപമാണ്. എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. എന്റെ കുട്ടിക്കാല ഏകാന്തതയില്‍ നിന്നും മോചനം നേടാന്‍ എനിക്കു കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ് ഞാന്‍.
ഈ നിമിഷം എനിക്ക് വേദന തോന്നുന്നില്ല. ഞാന്‍ ദു:ഖിതനുമല്ല. ഞാന്‍ വെറും ശൂന്യമാണ്. എന്നെക്കുറിച്ച് പോലും ഉത്കണ്ഠയില്ല. അത്തരമൊരവസ്ഥ ദയനീയമാണ്. അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്.
ആളുകള്‍ ചിലപ്പോള്‍ എന്നെ ഒരു ഭീരുവോ സ്വാര്‍ത്ഥനോ അല്ലെങ്കില്‍ ഒരു വിഡ്ഢിയോ ആയി കരുതിയേക്കാം. എന്നെ എന്തു വിളിക്കുന്നു എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നുമില്ല. ഞാന്‍ വിശ്വസിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, ഞാന്‍ വിശ്വസിക്കുന്നു എനിക്ക് നക്ഷത്രങ്ങളിലേക്ക് സഞ്ചരിക്കാനാകുമെന്ന്, മറ്റു ലോകങ്ങളെ കുറിച്ച് അറിയാന്‍ സാധിക്കുമെന്ന്.
ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍, എഴുമാസത്തെ ഫെലോഷിപ്പ് ആയി എനിക്ക് ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്. അത് എന്റെ കുടുംബത്തിന് അത് ലഭിച്ചോ എന്ന് നോക്കണം. രാംജിയ്ക്ക് നാല്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം ഒരിക്കലും അത് തിരികെ ചോദിച്ചിട്ടില്ല. ആ കാശില്‍ നിന്നും അദ്ദേഹത്തിനുള്ളത് കൊടുക്കണം.
എന്റെ സംസ്‌കാര ചടങ്ങുകള്‍ നിശബ്ദവും ലളിതവും ആകട്ടെ. ഞാന്‍ പെട്ടെന്ന് വന്നു പോയി എന്ന് മാത്രം കരുതുക. എനിക്ക് വേണ്ടി കണ്ണീര്‍ പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക.
“നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്”
ഉമ അണ്ണാ, ഇക്കാര്യത്തിന് നിങ്ങളുടെ മുറി ഉപയോഗിച്ചതിന് ക്ഷണിക്കണം.
എ.എസ്.എ കുടുംബത്തോട്, എല്ലാവരേയും വിഷമിപ്പിച്ചതില്‍ ക്ഷമചോദിക്കുന്നു. നിങ്ങളെന്നെ ഒരുപാട് സ്‌നേഹിച്ചു. നിങ്ങള്‍ക്ക് മികച്ചൊരു ഭാവി ഞാന്‍ ആശംസിക്കുന്നു
അവസാനമായി ഒരിക്കല്‍ കൂടി
ജയ് ഭീം
എല്ലാ ഔപചാരികതകളും മറന്നാണ് ഈ കത്തെഴുതുന്നത്. എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും ആരും എന്റെ ഈ ചെയ്തിക്കു കാരണമായിട്ടില്ല. ഇത് എന്റെ തീരുമാനമാണ്. അതിന് ഏക ഉത്തരവാദി ഞാന്‍ മാത്രമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ ഇതിന്റെ പേരില്‍ എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ബുദ്ധിമുട്ടിക്കരുത്.
ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: ക്യാമ്പസുകളില്‍ പ്രതിഷേധം ശക്തം
ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം