| Friday, 2nd January 2015, 7:14 pm

ഒരു ട്രാന്‍സ്‌ജെന്ററിന്റെ ആത്മഹത്യാക്കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്റെ ലാപ്‌ടോപ്പും ഫോണും വാങ്ങിവെച്ചു. സോഷ്യല്‍ മീഡിയയും എനിക്ക് നിഷേധിച്ചു. എന്റെ കൂട്ടുകാരില്‍ നിന്ന് എന്നെ തീര്‍ത്തും ഒറ്റപ്പെടുത്തി. ഇതാണ് ഞാന്‍ എന്റെ ജീവിതത്തില്‍ കൂടുതലായും പിരിമുറുക്കം അനുഭവിക്കാന്‍ കാരണം. ഞാന്‍ എന്നെ തന്നെ കൊല്ലാത്തതില്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.



മൊഴിമാറ്റം: ജീജ സഹദേവന്‍


ഇക്കഴിഞ്ഞ മൂന്നു നാലു ദിവസമായി അമേരിക്ക വന്‍ തോതിലുള്ള ഓണ്‍ലൈന്‍ പ്രക്ഷോഭങ്ങള്‍ക്ക് തന്നെ വഴിമാറിയ സംഭവമാണ് ഒരു ആത്മഹത്യയും ആത്മഹത്യാ കുറിപ്പും. ആത്മഹത്യ ചെയ്തത് ലീല ആല്‍കോണ്‍ എന്ന ട്രാന്‍സ്‌ജെണ്ടര്‍ ആണ്. കഴിഞ്ഞ ഡിസംബര്‍ 27നായിരുന്നു അവള്‍ തന്റെ ബ്ലോഗില്‍ ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ചശേഷം ജീവനൊടുക്കിയത്.

അവള്‍ പറഞ്ഞുവെയ്ക്കുന്നത് തന്റെ “മരണം വൃഥ ആകരുതെ”ന്നാണ്. തന്റെ മരണത്തിന് ഒരര്‍ത്ഥമുണ്ടാവണം; സമൂഹത്തെ പിടിച്ചുകെട്ടണം. ഇതാണ് ലീല ആവശ്യപ്പെടുന്നത്. എന്താണ് ആ അര്‍ത്ഥമെന്നും എന്തില്‍ നിന്നാണ് സമൂഹത്തെ പിടിച്ചുകെട്ടണമെന്നും തിരക്കുന്നതിനു മുമ്പ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ നിന്നും വന്ന പെന്‍മൈ ട്രാന്‍സ് ജണ്ടര്‍ തീയേറ്റര്‍ ഗ്രൂപ്പ് കോഴിക്കോട് അവതരിപ്പിച്ച “കളേഴ്‌സ് ഓഫ് ട്രാന്‍സ്” എന്ന നാടകത്തെ ഓര്‍മിക്കേണ്ടതുണ്ട്.

ജീവിതത്തില്‍ ഹെട്രോ സെക്ഷ്വല്‍ അഥവാ സ്ത്രീയും പുരുഷനും മാത്രം തമ്മിലുള്ള ലൈംഗിക ബന്ധം മാത്രം കണ്ട് വളര്‍ന്ന്, ശീലിച്ച പൊതു സമൂഹത്തിന്റെ എല്ലാ ഹിംസകളും ഏറ്റുവാങ്ങുന്ന,  എല്ലാ ജനാധിപത്യ വിരുദ്ധയും ഏറ്റുവാങ്ങുന്ന ഒരു വിഭാഗത്തിന്റെ വേദനകളെയും അവകാശങ്ങളെയും പറ്റി നാമെത്ര ബോധവാന്‍മാരാണ്/ബോധവതികളാണ് എന്നാണ് നാടകം മുന്നോട്ട് വെച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തന്നെയുള്ള ട്രാന്‍സ് ജെണ്ടര്‍ വിരുദ്ധ വകുപ്പായ 377 തന്നെ മാറ്റാനുള്ള ശ്രമങ്ങള്‍ നമ്മുടെ പരമോന്നത നീതിപീഠം തന്നെ അട്ടിമറിച്ചപ്പോള്‍ ഇന്ത്യന്‍ പൊതുമനസാക്ഷി ഹിംസാത്മകമായി ആര്‍ത്തു ചിരിക്കുകയായിരുന്നു.

നാടകം മൊത്തം അവരുടെ വേദനകളും പോരാട്ടങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു. അവരുടെ ശരീരത്തിലേക്ക് വീഴുന്ന ഓരോ അധിക്ഷേപങ്ങളെയും അവരവതരിപ്പിച്ചപ്പോള്‍ നമ്മുടെ നീതിബോധത്തിനു നല്‍കുന്ന ഓരോ പ്രഹരങ്ങളായി അവ മാറുകയായിരുന്നു. ശരീരത്തിന്റെ തടവറയില്‍ ജീവിക്കുന്നവരെ അവിടെ തന്നെ കെട്ടിയിട്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് പൊതു സമൂഹം വെച്ചുപുലര്‍ത്തുന്നത് എന്ന് ആ നാടകം നമുക്ക് കാണിച്ചു തരുമ്പോള്‍ നമ്മുടെ കുടുംബത്തിനുള്ളില്‍ തന്നെ ഇത്തരത്തില്‍ ഇതര/അപര ലൈംഗികതയുമായി ജീവിക്കുന്നവരോട് നമ്മള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്ന് ചിന്തിക്കുന്നത്, ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

ഇപ്പോഴും മൂന്നാം ലിംഗത്തില്‍ ജനിക്കുന്നവര്‍ നമുക്ക് തെറിപ്പദങ്ങളായി ജീവിച്ചു മരിക്കുകയാണ്. ഇത് കേവലം ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ലെന്നും ലോകത്ത് തന്നെ ട്രാന്‍സ് ജെണ്ടേഴ്‌സ് മൊത്തത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണെന്നുമാണ് ലീലയുടെ മരണം കാണിച്ചുതരുന്നത്. ഒരു വ്യത്യാസം മാത്രം അവിടെ ഇത്തരം സംഭവങ്ങള്‍ വന്‍തോതില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമ്പോള്‍ ഇവിടെ “അമ്മ-പെങ്ങള്‍” തീയ്യറികള്‍ കടന്നുവരും. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമായി അതിനെ അവിടെ തന്നെ തളഴച്ചിടാന്‍ നമ്മുടെ ആണധികാര ബോധത്തിനു കഴിയുകയും ചെയ്യും.

അതിലൂടെ നമ്മുടെ മനോഭാവമാണ് മാറേണ്ടതെന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാതെ രക്ഷപ്പെടുകയും ചെയ്യാം എന്നാണ് നാം കരുതുന്നതും. ലിംഗാധികാരബന്ധത്തിന്റെ ഹിംസാത്മകമുഖമാണ് ഇവിടെ വ്യക്തമാകുന്നത്.

ഇവിടെ ലീല എന്ന ട്രാന്‍സ് ജെണ്ടര്‍ തന്റെ ആത്മഹത്യാ കുറിപ്പിലൂടെ ഒട്ടും തന്നെ ലിംഗബോധത്തിന് സൗഹാര്‍ദാന്തരീക്ഷമില്ലാത്ത, അവരെ അപരവല്‍ക്കരിക്കുന്ന കുടുംബ ബന്ധങ്ങളെയും മതബോധത്തെയും അപനിര്‍മിക്കുന്നു, തുറന്നു കാട്ടുന്നു. അമേരിക്കയില്‍ ഇത് യുവാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏകദേശം 2 ലക്ഷത്തില്‍ പരം ഒപ്പുകളാണ് ട്രാന്‍സ് ജണ്ടര്‍ പുനപരിവര്‍ത്തന തെറാപ്പി വിരുദ്ധ നിയമം പാസാക്കാന്‍ വേണ്ടിയുള്ള പെറ്റീഷന് ലഭിച്ചിരിക്കുന്നത്. “ലീലാസ് ലോ” എന്നാണ് പ്രസ്തുത നിയമത്തിന് അവര്‍ പേരു നല്‍കിയിരിക്കുന്നത്.

ഒരു ലിംഗസ്വത്വത്തില്‍ ജീവിക്കുന്നവരെ നിര്‍ബന്ധിച്ച് മറ്റൊരു ലിംഗസ്വത്വത്തിലേയ്ക്ക് പരിവര്‍ത്തിപ്പിക്കുന്നത് എത്രമാത്രം ക്രൂരതയാണ് എന്ന് ലീലയുടെ ആത്മഹത്യക്കുറിപ്പ് വെളിപ്പെടുത്തുന്നു. നമ്മുടെ മനസാക്ഷിയെ മറ്റൊരു ലിംഗബോധവും സ്വത്വവും വെച്ചുപുലര്‍ത്തുന്ന മൂന്നാം ലിംഗക്കാരുടെ നീറുന്ന പ്രശ്‌നങ്ങളിലേയ്ക്ക് കണ്ണു തുറപ്പിക്കാന്‍ ഇനിയെങ്കിലും സഹായകമാകട്ടെ ഈ ആത്മഹത്യാ കുറിപ്പ് എന്ന് പ്രതീക്ഷിക്കട്ടെ.

ലീലയുടെ ആത്മഹത്യക്കുറിപ്പിന്റെ പൂര്‍ണ രൂപം അടുത്ത പേജില്‍

അടുത്തപേജില്‍ തുടരുന്നു

ലീല ആല്‍കോണിന്റെ സുഹൃത്തുക്കള്‍ ലീലയെ പറ്റി വിവരിക്കുന്നു


ലീലയുടെ ആത്മഹത്യക്കുറിപ്പിന്റെ പൂര്‍ണ രൂപം

” നിങ്ങള്‍ ഈ കത്ത് വായിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ മരിച്ചു എന്നാണ്. അഥവാ പരാജയപ്പെടുകയാണെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് തീര്‍ച്ചയായും ഡിലീറ്റ് ചെയ്യും.

ദയവായി സങ്കടപ്പെടരുത്. ഇത് നല്ലതിന് വേണ്ടിയാണ്. ഇത്രയും നാള്‍ ഞാന്‍ ജീവിച്ച ജീവിതം അതൊരിക്കലും ഒരു നല്ല ജീവിതമായിരുന്നില്ല….. കാരണം ഞാന്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ ആയിരുന്നു. എനിക്ക് എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് ഞാന്‍ പറയാം. അപ്പോള്‍ കത്ത് ഒരുപാട് നീളത്തിലാവും. എന്തായാലും ഞാന്‍ ചുരുക്കി പറയാം

ഒരു ആണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ എനിക്ക് ഞാനൊരു പെണ്‍കുട്ടിയാണെന്ന് തോന്നുമായിരുന്നു. എനിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് ഞാനൊരു പെണ്‍കുട്ടിയാണെന്ന് തോന്നിത്തുടങ്ങിയിരുന്നു. ആ തോന്നല്‍ വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതല്ല, അത് വിവരിക്കാന്‍ വാക്കുകളില്ല.

ഒരു ആണ്‍കുട്ടി പെണ്ണാവാന്‍ ഒരു സാധ്യതയും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അത് ആരോടും പറഞ്ഞില്ല. ഒരു ആണ്‍കുട്ടി പരമ്പരാഗതമായി ചെയ്യേണ്ട എല്ലാകാര്യങ്ങളും ഞാന്‍ ചെയ്തു. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു.

ലീല ആല്‍കോണ്‍


എനിക്ക് 14 വയസുള്ളപ്പോഴാണ് ട്രാന്‍സ്‌ജെന്റര്‍ എന്ന വാക്കിന്റെ അര്‍ത്ഥം മനസിലായത്. ഞാന്‍ ഒരുപാട് കരഞ്ഞു. അങ്ങനെ 10 വര്‍ഷത്തെ സംശയങ്ങള്‍ക്ക് ശേഷം ഞാനാരാണെന്ന് എനിക്ക് മനസിലായി. ഞാന്‍ പെട്ടെന്ന് തന്നെ അമ്മയോട് കാര്യം പറഞ്ഞു. അവര്‍ വളരെ പ്രതികൂലമായാണ് പ്രതികരിച്ചത്. അത് ഒരു ഘട്ടം മാത്രമാണെമന്നാണ് അമ്മ പറഞ്ഞത്.

ഞാന്‍ ഒരിക്കലും ശരിക്കും ഒരു പെണ്ണാകില്ല, ദൈവം അബദ്ധം വരുത്തില്ല. എനിക്കാണ് തെറ്റ് പറ്റിയത്. അമ്മ പറഞ്ഞു. നിങ്ങള്‍ ഇത് വായിക്കുകയാണെങ്കില്‍ ഇങ്ങനെ ഒരിക്കലും നിങ്ങളുടെ കുട്ടികളോട് പറയരുത്. നിങ്ങള്‍ ക്രിസ്ത്യാനിയോ ട്രാന്‍സ്‌ജെന്ററിന് എതിരോ ആണെങ്കില്‍ അത് ഒരിക്കലും നിങ്ങള്‍ മറ്റുള്ളവരോട് പറയരുത്. പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികളോട്.

കാരണം അത് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാക്കില്ല. അവര്‍ അവരെ തന്നെ വെറുക്കാന്‍ തുടങ്ങുമെന്ന് മാത്രം. അതാണ് അവര്‍ എന്നോട് ചെയ്തത്. എന്റെ അമ്മ എന്നോട് ഒരു തെറാപ്പിസ്റ്റിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ അവര്‍ എന്നെ ഒരു ക്രിസ്റ്റ്യന്‍ തെറാപിസ്റ്റിന്റെ അടുത്ത് മാത്രമാണ് കൊണ്ടുപോയത്, (അവര്‍ക്കെല്ലാം വിരോധഭാവമായിരുന്നു) അതുകൊണ്ട് തന്നെ എന്റെ വിഷാദരോഗം മാറ്റാനാവശ്യമായ ഒരു തെറാപ്പിയും എനിക്ക് ലഭിച്ചില്ല.

ധാരാളം ക്രിസ്ത്യാനികള്‍ ഞാന്‍ സ്വാര്‍ത്ഥയാണെന്നും ഞാന്‍ ശരിയല്ലെന്നും ദൈവത്തോട് സഹായം അഭ്യര്‍ത്ഥിക്കാനും എന്നോട് പറഞ്ഞു. അത് മാത്രമാണ് ആ തെറാപ്പികൊണ്ട് എനിക്കുണ്ടായ നേട്ടം. എനിക്ക് 16 വയസായപ്പോള്‍, എന്റെ മാതാപിതാക്കള്‍ എന്റടുത്ത് വരുന്നില്ലെന്നും അവര്‍ എന്നില്‍ നിന്ന് അകലം പാലിക്കുന്നുണ്ടെന്നും എനിക്ക് മനസിലായി.

ഏതെങ്കിലും തരത്തിലുള്ള ട്രാന്‍സിഷനിങ് ചികിത്സ ആരംഭിക്കണമെങ്കില്‍ 18 വയസുവരെ കാത്തിരിക്കണമെന്ന് പറഞ്ഞത് എന്റെ ഹൃദയം പൂര്‍ണ്ണമായും തകര്‍ത്തു. “നീ ഒരുപാട് കാലം കാത്തിരിക്കേണ്ടിവരും മാറ്റം വളരെ ബുദ്ധിമുട്ടാണ്…” എന്റെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു.

എന്റെ ജീവിതകാലം മുഴുവന്‍ ഒരാണിന്റെ രൂപത്തോടെ എനിക്ക് ജീവിക്കേണ്ടിവരും. മെയ് 16 നാണ് എന്റെ ജന്മദിനം. ട്രാന്‍സിഷനിങ് ചികിത്സ തുടങ്ങാന്‍ ഞാന്‍ എന്റെ രക്ഷിതാക്കളില്‍ നിന്ന് സമ്മതം വാങ്ങിയിരുന്നില്ല. ഉറങ്ങാന്‍ കിടക്കുന്ന സമയങ്ങളില്‍ ഞാന്‍ `ഒരുപാട് കരഞ്ഞു.

എന്റെ രക്ഷിതാക്കള്‍ക്കെതിരെയും സ്‌കൂളില്‍ ഒരു ഗേ ആയി നില്‍ക്കേണ്ട അവസ്ഥയ്‌ക്കെതിരെയും എന്റെ ഉള്ളില്‍ ഒരു “ഫക് യു” മനോഭാവം വളര്‍ന്നിരുന്നു. ഞാന്‍ അനായാസമായി ട്രാന്‍സ്‌ജെന്ററില്‍ നിന്ന് പുറത്ത് വരികയാണെങ്കില്‍ അത് ചെറിയൊരു ഞെട്ടലായേനെ എന്ന് ഞാന്‍ കരുതി.

എന്റെ കൂട്ടുകാര്‍ എന്നോട് വളരെ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഞാന്‍ വീട്ടുകാരുടെ ഇമേജ് തകര്‍ക്കുമെന്നാണ് എന്റെ വീട്ടുകാര്‍ കരുതിയത്. ഞാന്‍ അവര്‍ക്കൊരു ശല്യമായിരുന്നു. എന്നെ ഒരു യതാര്‍ത്ഥ ക്രിസ്റ്റ്യന്‍ ആണ്‍കുട്ടിയാക്കുകയായിരുന്നു അവര്‍ക്ക് വേണ്ടത്. പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നത്.

അതുകൊണ്ട് തന്നെ അവര്‍ എന്നെ പബ്ലിക് സ്‌കൂളില്‍ നിന്ന് പുറത്താക്കി. എന്റെ ലാപ്‌ടോപ്പും ഫോണും വാങ്ങിവെച്ചു. സോഷ്യല്‍ മീഡിയയും എനിക്ക് നിഷേധിച്ചു. എന്റെ കൂട്ടുകാരില്‍ നിന്ന് എന്നെ തീര്‍ത്തും ഒറ്റപ്പെടുത്തി. ഇതാണ് ഞാന്‍ എന്റെ ജീവിതത്തില്‍ കൂടുതലായും പിരിമുറുക്കം അനുഭവിക്കാന്‍ കാരണം. ഞാന്‍ എന്നെ തന്നെ കൊല്ലാത്തതില്‍ ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

അടുത്തപേജില്‍ തുടരുന്നു

കൂട്ടുകാരില്ലാതെയും സ്‌നേഹിക്കാനോ സപ്പോര്‍ട്ട് ചെയ്യാനോ ആരുമില്ലാതെയും അഞ്ച് മാസക്കാലം ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എന്റെ വീട്ടുകാരുടെ നിരാശയും ക്രൂരമായ ഏകാന്തതയും മാത്രമായിരുന്നു ആ സമയത്ത് എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്. സ്‌കൂള്‍ കാലം അവസാനിനിക്കാറായാപ്പോള്‍ രക്ഷിതാക്കള്‍ ഫോണ്‍ തിരിച്ചു തന്നു. അങ്ങനെ ഞാന്‍ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തി.

എന്റെ കൂട്ടുകാരെ തിരിച്ചുകിട്ടിയതില്‍ ഞാന്‍ വളരെയധികം സന്തോഷത്തിലായിരുന്നു. എന്നെക്കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ അവരും ഏറെ സന്തോഷത്തിലായിരുന്നു. പക്ഷേ അത് അപ്പോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം എന്നെക്കുറിച്ച് അവരും അറിഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ മുമ്പുള്ളതിനേക്കാള്‍ ഒറ്റപ്പെട്ടു.

എന്റെ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് എന്നോട് ഇഷ്ടം എന്നു ഞാന്‍ കരുതി. കാരണം അവരാണല്ലോ ആഴ്ചയില്‍ അഞ്ച് ദിവസവും എന്നെ കാണുന്നത്. വേനല്‍ക്കാലത്തിന് ശേഷം, ആ സമയത്ത് എനിക്ക് ഒരു സുഹൃത്ത് പോലും ഉണ്ടായിരുന്നില്ല. കോളജ് ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയവും. ഞാന്‍ പുറത്തുപോകുന്നതിന് വേണ്ടി പണം ശേഖരിച്ച് വയ്ക്കാന്‍ തുടങ്ങി.

ഞാന്‍ എന്റെ നിലവാരം ഉയര്‍ത്തി. എല്ലാ ആഴ്ചയിലും പള്ളിയില്‍ പോകാന്‍ തുടങ്ങി. എനിക്ക് ഞാന്‍ ഒരു അസംബന്ധമായി തോന്നി. കാരണം ഞാന്‍ എന്തിനാണോ ജീവിക്കുന്നത് അതിന് എല്ലാരും എതിരായിരുന്നു. മതിയായെന്ന് തീരുമാനിച്ചു. ഞാന്‍ പുറത്ത് പോയാലും ട്രാന്‍സിഷന്‍ വിജയിക്കാന്‍ പോകുന്നില്ല.

ഞാന്‍ പോകുന്ന വഴിയില്‍ എനിക്ക് ഒരിക്കലും സന്തോഷം ലഭിക്കില്ല. എന്നെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ എനിക്ക് ലഭിക്കാന്‍ പോകുന്നില്ല. എനിക്ക് സന്തോഷിക്കാനാവശ്യമായ സ്‌നേഹവും ലഭിക്കാന്‍ പോകുന്നില്ല. എന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു പുരുഷനെ എനിക്ക് കണ്ടെത്താന്‍ കഴിയില്ല. എനിക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയാകാന്‍ ആഗ്രഹിക്കുന്ന പുരുഷനായി ജീവിതകാലം മുഴുവനും ഒറ്റപ്പെടല്‍ അനുഭവിച്ച് ഞാന്‍ ജീവിക്കണം. അല്ലെങ്കില്‍ സ്വയം വെറുക്കുന്ന ഒരു പെണ്ണായി ഞാന്‍ ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് ജീവിക്കണം.

എനിക്ക് ഒരിക്കലും വിജയം ഉണ്ടാവില്ല. പുറത്ത് കടക്കാന്‍ ഒരു വഴിയും ഇല്ല. ഇപ്പോള്‍ തന്നെ എനിക്ക് വേണ്ടത്ര സങ്കടമുണ്ട്. എന്റെ ജീവിതം ഒരു ദുരന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ശരിയാവും എന്ന് ആളുകള്‍ പറയാറുണ്ട്, എന്നാല്‍ എന്റെ കാര്യത്തില്‍ അത് ശരിയല്ല. എനിക്ക് ദുരന്തം മാത്രമായിരിക്കും. ദിവസം കഴിയുന്നതിനനുസരിച്ച് അത് വഷളാകും.

അതാണ് ഇതിന്റെ അടിസ്ഥാനം. അതുകൊണ്ടാണ് എനിക്ക് എന്നെ തന്നെ കൊല്ലാന്‍ തോന്നുന്നത്. നിങ്ങള്‍ക്ക് ഇതൊരു വലിയ വിഷയമായി തോന്നുന്നില്ലെങ്കില്‍ എന്നോട് ക്ഷമിക്കണം. ഇതാണ് എനിക്ക് നല്ലത്. എന്റെ വില്‍പ്പത്രം അനുസരിച്ച് എനിക്ക് നിയമപ്രകാരം ലഭിക്കേണ്ടതെല്ലാം വില്‍ക്കണം. എന്നിട്ട് ആ പണവും ബാങ്കിലുള്ള പണവും ട്രാന്‍സ് സിവില്‍ മൂവ്‌മെന്റ്‌സിനും സപ്പോര്‍ട്ട് ഗ്രൂപ്പിനും നല്‍കണം.

ട്രാന്‍സ്ജന്റേര്‍സ് ഞാന്‍ ചികിത്സിക്കപ്പെട്ടത് പോലെ ചികിത്സയ്ക്ക് വിധേയമാകാത്ത ഒരു ദിവസം, അവരെയും ഒരു മനുഷ്യനെപ്പോലെ എല്ലാ അവകാശങ്ങളോടെയും പരിഗണിക്കപ്പെടുന്ന ദിവസം അന്നാണ് എനിക്ക് വിശ്രമമുണ്ടാവുക. ട്രാന്‍സ്‌ജെന്റേര്‍സിന് സ്‌കൂളുകളില്‍ പഠിക്കാന്‍ കഴിയണം. എന്റെ മരണത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണം. ഈ വര്‍ഷം ആത്മഹത്യ ചെയ്ത ട്രാന്‍സ്‌ജെന്റേര്‍സിന്റെ കൂടെ എന്റെ പേരും ഉണ്ടാവണം, ആ പട്ടിക പരിശോധിച്ച് നിരാശാജനകമാണെന്ന് ഒരാളെങ്കിലും പറയണം അത് സമൂഹത്തില്‍ ഉറയ്ക്കണം, അതാണ് എനിക്ക് വേണ്ടത്. ദയവായി…

വിട
(ലീല) ജോഷ് ആല്‍കോണ്‍

We use cookies to give you the best possible experience. Learn more