കൊളംബോ: ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര നടത്തിയ ഭീകരരില്‍ ചിലര്‍ ട്രയിന്‍ വഴി ഇന്ത്യയിലേക്ക് എത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവി. ‘അവര്‍ ഇന്ത്യയിലേക്ക് എത്തി. കശ്മീരിലും ബംഗളുരുവിലും കേരളത്തിലും. ഇതാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം.’ എന്നാണ് ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായക് ബി.ബി.സി വേള്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യയിലേക്ക് കടക്കാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് ശ്രീലങ്കന്‍ സൈനിക കമാന്‍ഡര്‍ പറഞ്ഞു.
‘ ചിലതരം പരിശീലനങ്ങള്‍ക്ക് ആവാനുള്ള സാധ്യതയുണ്ട്. കൂടാതെ രാജ്യത്തിനു പുറത്തുള്ള ചില സംഘടനകളുമായി ബന്ധപ്പെടാനുമാവാം.’ അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 21ന് ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒമ്പതു ചാവേറുകള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പുണ്ടായിട്ടും അത് തടയുന്നതില്‍ സുരക്ഷാ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ നിന്നുള്ളവരെ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പു ലഭിച്ചിരുന്നെന്ന് സൈനിക കമാന്‍ഡര്‍ സമ്മതിച്ചു. ‘സാഹചര്യങ്ങളും സൈനിക ഇന്റലിജന്‍സും വ്യത്യസ്ത ദിശയിലായിരുന്നു. മറ്റുള്ളവര്‍ മറ്റുവഴിയിലും. എല്ലാവര്‍ക്കും വ്യക്തമായി കാണാവുന്ന ഒരു ഒഴിവ് അവിടെയുണ്ടായിരുന്നു’ എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധയിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി റിയാസ് അബൂബക്കറിന്റെ അറസ്റ്റിനുശേഷം എന്‍.ഐ.എ സ്ഥിരീകരിച്ചിരുന്നു.