| Sunday, 18th August 2019, 8:14 am

കാബൂളില്‍ വിവാഹസല്‍ക്കാരത്തിനിടെ ചാവേറാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു; നിരവധിപ്പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ ചാവേറാക്രമണം. ശനിയാഴ്ച രാത്രി 10.40 നാണ് ആക്രമണം. സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.

ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവമെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കാബൂളില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണെന്ന് ദ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമി സ്‌ഫോടക വസ്തുക്കളുമായി വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നുസ്രത്ത് റഹീമി പറഞ്ഞു. ഭീകരസംഘടനയായ താലിബാനും ഇസ്ലാമിക് സ്റ്റേറ്റുമാണ് ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങള്‍ക്കെതിരെ അഫ്ഗാനിസ്ഥാനിലും അയല്‍ സംസ്ഥാനമായ പാകിസ്താനിലും നിരന്തരം ആക്രമണം നടത്താറുള്ളതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹ സല്‍ക്കാര വേദിയുടെ സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ യുവാക്കളും കുട്ടികളുമാണ് മരിച്ചവരിലേറെയുമെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി. ‘ഏകദേശം 1200 പേര്‍ ക്ഷണിക്കപ്പെട്ട ചടങ്ങായിരുന്നു. ഞാന്‍ വധുവിനും ബന്ധുക്കള്‍ക്കുമൊപ്പം മറ്റൊരു ഭാഗത്തായിരുന്നു. പൊടുന്നനെ, വലിയോരു ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. എനിക്കാരെയും മനസിലാക്കാന്‍ പോലും കഴിഞ്ഞില്ല. എല്ലാവരും ഹാളില്‍ കിടക്കുന്ന അവസ്ഥയിലായിരുന്നു’ ദൃക്‌സാക്ഷികളിലൊരാളായ ഗുല്‍ മുഹമ്മദ് പറഞ്ഞു.

മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് സമാനരീതിയില്‍ ഷിയ വിഭാഗത്തിന് നേരെ ആക്രമണമുണ്ടായത്. താലിബാന്‍ ചാവേര്‍ ആക്രമണത്തില്‍ അന്ന് 14 പേര്‍ കൊല്ലപ്പെടുകയും നൂറോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more