മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
Kerala News
മുഖ്യമന്ത്രി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th August 2018, 10:26 am

ന്യൂദല്‍ഹി: ദല്‍ഹി കേരളാ ഹൗസില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ വിമല്‍രാജാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

തന്നെ ജീവിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. അഞ്ചിലധികം തവണ മുഖ്യമന്ത്രിയെ ദല്‍ഹിയിലും തിരുവനന്തപുരത്തും വെച്ച് കണ്ടിരുന്നുവെന്ന് ഹിന്ദിയിലും മലയാളത്തിലും പറഞ്ഞശേഷം കത്തിയെടുത്ത് സ്വയം കുത്താന്‍ ശ്രമിക്കുകയായിരുന്നു.

Also Read:ഇന്ത്യയ്ക്ക് പ്രതീക്ഷ; ലോക ബാഡ്മിന്റണില്‍ പി.വി സിന്ധു സെമിഫൈനലില്‍

പൊലീസ് അദ്ദേഹത്തെ കൊണ്ടുപോകുമ്പോള്‍ “ഒന്നുകില്‍ മുഖ്യമന്ത്രിയെ ഞാന്‍ കൊല്ലും, അല്ലെങ്കില്‍ സ്വയം മരിക്കും” എന്നു പറയുന്നുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

എന്താണ് പ്രശ്‌നമെന്ന കാര്യം അദ്ദേഹം വിശദീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ പിറകില്‍ നിന്നുമെത്തി പിടിച്ചുമാറ്റുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന ചില രേഖകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ കത്തികൊണ്ടുവന്നത്. കേരള ഹൗസിന് ഉള്ളിലേക്ക് കടന്നശേഷം ഫയലില്‍ നിന്നും കത്തി പുറത്തെടുക്കുകയായിരുന്നു.

രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി താമസിക്കുന്ന കേരളഹൗസിലെ കൊച്ചിന്‍ ഹൗസിന് മുന്നിലായിരുന്നു വിമല്‍രാജിന്റെ പ്രതിഷേധം.

ഫോട്ടോ കടപ്പാട്: മാതൃഭൂമി