| Saturday, 13th June 2015, 3:10 pm

തിരൂരില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിക്കുള്ളില്‍ മധ്യ വയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: തിരൂര്‍ താഴേപാലത്തെ ചെമ്മണ്ണൂര്‍ ജ്വല്ലറിക്കുള്ളില്‍ മധ്യവയസ്‌കന്‍ ആത്മഹത്യക്ക് ശ്രമിച്ചു. താനൂര്‍ പക്കരപറമ്പില്‍ ആട്ടശ്ശേരി ഇസ്മയില്‍(50) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ജ്വല്ലറിയിലെത്തിയ ഇദ്ദേഹം പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

മകളുടെ വിവാഹാവശ്യത്തിനായി ഇസ്മയില്‍ 4 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം ജ്വല്ലറിയില്‍ നിന്നും വാങ്ങിയിരുന്നു. തുടക്കത്തില്‍ പണം നല്‍കിയാണ് ഇദ്ദേഹം സ്വര്‍ണം വാങ്ങിയിരുന്നത്. ഇതിന്റെ ബാക്കി തുക അടയ്‌ക്കേണ്ട ദിവസം ഇന്നായിരുന്നു. ഇക്കാര്യം ജ്വല്ലറിയിലെ സ്റ്റാഫുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടെന്ന് കൈയില്‍ കരുതിയിരുന്ന പെട്രോളെടുത്ത്  ഇസ്മയില്‍ ദേഹത്ത് ഒഴിച്ചത്.


ഗുരുതരമായി പൊള്ളലേറ്റ ഇസ്മയിലിനെ തിരൂര്‍ താലൂക്ക് ആശുപത്രിയിലത്തെിച്ച് പ്രാഥമിക ചികിത്സ നല്‍കി തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജ്വല്ലറി ജീവനക്കാരന്‍ പ്രദീഷ് (30) നും പെള്ളലേറ്റു. ഇയാളെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്..

ദേഹത്തും മുഖത്തും പൊള്ളലേറ്റ ഇസ്മയിലിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹസൈനാരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

അതിനിടെ ആത്മഹത്യ ചെയ്ത ഇടപാടുകാരന്റെ കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി ജ്വല്ലറി ഉടമ ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. മകളുടെ വിവാഹത്തിനായി സ്വര്‍ണം വാങ്ങി തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

സ്വര്‍ണം വാങ്ങിയവകയില്‍ 3.63 ലക്ഷം രൂപ ഇയാള്‍ തിരിച്ചടയ്ക്കാനുള്ളതായാണ് ജ്വല്ലറി അധികൃതര്‍ പറയുന്നത്.

ഫോട്ടോ കടപ്പാട് : മലബാരി ന്യൂസ്

We use cookies to give you the best possible experience. Learn more