തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജില്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയിലെ വനിതാ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
സംഘടനാ പരിപാടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഒറ്റപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മീഡിയാ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആറ്റിങ്ങല്‍ സ്വദേശിനിയെ ഇന്ന് രാവിലെയാണ് കോളെജിലെ റസ്റ്റ് റൂമില്‍ കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുന്നത്.
സംഘടനയുടെ പരിപാടികള്‍ക്ക് നിരന്തരം കൂട്ടിക്കൊണ്ടു പോകുന്നതിനാല്‍ പഠിക്കാന്‍ കഴിയുന്നില്ലെന്നും പ്രിന്‍സിപ്പളിനോട് പരാതിപ്പെട്ടതോടെ കോളെജില്‍ ഒറ്റപ്പെടുത്തിയെന്നും കത്തിലുണ്ട്.
നന്നായി പഠിക്കാമെന്ന് കരുതിയാണ് യൂണിവേഴ്‌സിറ്റി കോളെജിലെത്തിയത്. എന്നാല്‍ അത് സാധിക്കുന്നില്ലെന്നും കത്തിലുണ്ട്. രണ്ട് വനിതാ നേതാക്കളുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.
ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്.