| Saturday, 28th July 2018, 7:18 pm

റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല; സപ്ലൈ ഓഫീസില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലുവ: ആലുവ സപ്ലൈ ഓഫിസില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം. എടത്തല സ്വദേശി അബ്ദുറഹ്മാനാണു ദേഹത്ത് പെട്രോളൊഴിച്ച് സപ്ലൈ ഓഫീസില്‍ കയറിയത്.

റേഷന്‍ ആനുകൂല്യത്തിനായി ഒന്നരവര്‍ഷമായി ഓഫീസുകള്‍ കയറി ഇറങ്ങി കിട്ടാതായതോടെയാണ് അബ്ദുറഹ്മാന്‍ ആത്മഹത്യാശ്രമം നടത്തിയത്. 1986 മുതല്‍ റേഷന്‍ കാര്‍ഡുടമയായ അബ്ദുറഹ്മാനു കാര്‍ഡ് പുതുക്കിയപ്പോള്‍ ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്കു ലഭിക്കുന്ന വെള്ള കാര്‍ഡാണു ലഭിച്ചത്.

കാര്‍ഡ് മാറ്റുന്നതിനായി 2015 മുതല്‍ ശ്രമിച്ചുവരികയാണ്. 2015 മുതല്‍ കലക്ടറേറ്റും സപ്ലൈ ഓഫീസുമടക്കം വിവിധ ഓഫീസുകളില്‍ ഇയാളെത്തി. എന്നാല്‍ യാതൊരു നടപടികളുമുണ്ടായില്ല.


Read:  മഹാരാഷ്ട്രയില്‍ ബസ് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; 33 മരണം


കഴിഞ്ഞ ദിവസവും കലക്ടറെ കാണാന്‍ അബ്ദുറഹ്മാനെത്തി. എന്നാല്‍ സപ്ലൈ ഓഫീസറെ കാണണമെന്ന് എഴുതിയ കത്ത് മാത്രമാണ് കലക്ടര്‍ നല്‍കിയത്. ഇതുമായി ചെന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം.

12 മണിയോടെ സപ്ലൈ ഓഫീസിലെത്തിയ അബ്ദുറഹ്മാന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ഓഫീസിനുള്ളിലേയ്ക്ക് കയറി. ഇതു ശ്രദ്ധയില്‍പെട്ടയുടന്‍ ജീവനക്കാര്‍ ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു.

ഇനി ഒരു പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഈ ദുരനുഭവം ഉണ്ടാവാതിരിക്കാനായിരുന്നു താന്‍ ഇത് ചെയ്തതെന്ന് അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

We use cookies to give you the best possible experience. Learn more