അബഹ: സൗദിയുടെ തെക്ക് കിഴക്കന്‍ നഗരമായ അബഹയില്‍ പോലീസ് ക്യാംപിനുള്ളിലെ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 12 പേര്‍ സൈനികരാണ്. സൈനികരെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവന്ന ചാവേര്‍ പള്ളിയില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചക്ക് പ്രാര്‍ത്ഥനാ വേളയിലായിരുന്നു ആക്രമണം. സൗദി സ്‌പെഷ്യല്‍ വെപണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് യൂണിറ്റിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ആസിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഇസിസ് ഏറ്റെടുക്കുകയായിരുന്നു. മെയ് മാസത്തിന് ശേഷം സൗദിയിലെ മുസ് ലീം പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. നീചമായ ആക്രമണമാണ് ഇത് എന്ന് സൗദി ഗ്രാന്റ് മുഫ്തി അബ്ദുള്‍ അസീസ് അല്‍ അശൈഖ് പറഞ്ഞു.
ഈ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇസിസ് തന്നെയായിരുന്നു. കഴിഞ്ഞമാസം ഇസിസ് തീവ്രവാദികളെന്ന് സംശയിക്കുന്ന 431 പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. സൗദിയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തുന്നതിന് ഗൂഡാലോചന നടത്തിയെന്ന പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.. യമനില്‍ ഇസിസിനെതിരെയുള്ള സഖ്യത്തെ നയിക്കുന്ന സൗദിയോടുള്ള ശത്രുതയാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.