കോഴിക്കോട്: മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എ നടത്തിയ പ്രതികരണത്തിന് മറുപടിയുമായി വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട്. കെ.ടി. ജലീല്‍ ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുഹ്‌റ മമ്പാട് പറയുന്നത്. ലീഗ് പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ലെന്നും ജലീല്‍ സി.പി.ഐ.എമ്മിലെ കാര്യം നോക്കിയാല്‍ മതിയെന്നും അവര്‍ പറയുന്നു.
‘കോളറവന്ന് മരിച്ചുപോയ രക്ഷിതാക്കളുടെ മക്കളെ തിരൂരങ്ങാടിയില്‍ കൊണ്ടുവന്ന് മഹാനായ എം.കെ. ഹാജി ഒരു യത്തീംഖാന ഉണ്ടാക്കി തുടങ്ങിയതാ ഞങ്ങളീ പണി. ഒതുകൊണ്ട് ആരും ഇപ്പണി ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങളിപ്പൊൾ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല. എടുക്കുമ്പോ ജലീല്‍ സഖാവിനോട് പറയാം,’ സുഹ്‌റ മമ്പാട് പറഞ്ഞു.
മുസ്‌ലിം ലീഗ് ദല്‍ഹിയില്‍ ആരംഭിക്കുന്ന ദേശീയ ആസ്ഥാനത്തിന് വേണ്ടി
സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ധനസമാഹരണത്തെക്കുറിച്ചായിരുന്നു ജലീല്‍ പ്രതികരിച്ചത്. പിരിച്ച ആവേശം വിനിയോഗത്തിലും ഉണ്ടാകണമെന്ന് ഫേസ്ബുക്കിലെഴിതുയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നു. കത്വ-ഉന്നാവോ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് അടക്കം ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ കുറിപ്പ്.
സുഹ്‌റ മമ്പാടിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കെ.ടി. ജലീല്‍ പോയി ഇ.ഡിക്കും എന്‍.ഐ.എക്കുമൊക്കെ മറുപടി കൊടുക്ക്. ഇപ്പണി തല്‍ക്കാലം ഞങ്ങള്‍ ചെയ്‌തോളാം. പ്രളയ കാലത്ത് കൊച്ചു കുട്ടികള്‍ മുതലുള്ള പൊതുജനം തന്ന പണത്തില്‍ വരെ കയ്യിട്ട് വാരിയ കൂട്ടരുടെ കൂടെ, രക്തസാക്ഷി അഭിമന്യുവിന്റെ പേരില്‍ പിരിച്ച പണം പകുതി മുക്കിയ കൂട്ടരുടെകൂടെ, കോപ്പറേറ്റീവ് സൊസൈറ്റികള്‍ തോറും കട്ടുമുടിക്കുന്നവരുടെ കൂടെ, ലോക കേരള സഭയുടെ പേരില്‍ ലോകമാകെ പിരിച്ചുമുക്കുന്നവരുടെ കൂടെ, റോഡില്‍ ക്യാമറ വച്ച് അതില്‍ അഴിമതി നടത്തുന്നവരുടെ കൂടെ, ഊരാലുങ്ങലിനെ മുന്‍നിര്‍ത്തി കോടികള്‍ തട്ടുന്നവരുടെ കൂടെതന്നെയല്ലേ നിങ്ങള്‍ ഉള്ളത്. അവരെ പോയി ഉപദേശിക്ക്.
കോളറ വന്ന് മരിച്ചു പോയ രക്ഷിതാക്കളുടെ മക്കളെ തിരൂരങ്ങാടിയില്‍ കൊണ്ടുവന്ന് മഹാനായ എം.കെ. ഹാജി ഒരു യത്തീംഖാന ഉണ്ടാക്കി തുടങ്ങിയതാ ഞങ്ങളീ പണി.
മഹാനായ സീതി സാഹിബ് മേല്‍മുണ്ട് രണ്ട് കയ്യിലായി നിവര്‍ത്തി നമുക്കൊരു കോളേജുണ്ടാക്കണം എന്ന് ഈ സമൂഹത്തോട് പറഞ്ഞ് പിരിച്ചെടുത്ത് പാര്‍ട്ടിക്കുണ്ടായിരുന്ന കാറും വിറ്റ് കാട് പിടിച്ചു കിടന്നിരുന്ന ഫറൂഖില്‍ കെട്ടിപ്പൊക്കി ഉയര്‍ത്തിയുണ്ടാക്കി വച്ചിരിക്കുന്നത് കണ്ടില്ലേ അത് തന്നെയാണു മാതൃക. ഒന്നും രണ്ടുമല്ല നൂറുകണക്കിനു പണിതുയര്‍ത്തി വച്ചിട്ടുണ്ട് ഓരോ ലീഗുകാരനും ലീഗുകാരിക്കും ഇടനെഞ്ചില്‍ അഭിമാനമായി കാത്തു സൂക്ഷിക്കാന്‍ പോന്നത്.
അതുകൊണ്ട് ഒരിക്കല്‍ കൂടി പറയട്ടെ ഇപ്പണി ഞങ്ങളെ പഠിപ്പിക്കണ്ട.
ഞങ്ങളിപ്പൊ പുറത്ത് നിന്ന് ഉപദേശം എടുക്കുന്നില്ല; എടുക്കുമ്പോ ജലീല്‍ സഖാവിനോട് പറയാം. അപ്പൊ ലറ്റര്‍ പാഡില്‍ എഴുതി ഒരു സീലും വച്ച് തന്നാ മതി. ഇപ്പൊ ഈ ഉപദേശം മടക്കി സ്വന്തം പോക്കറ്റില്‍ ഇട്ടുവച്ചോളൂ.
Content Highlight: Suhra Mampad’ Comment on response made by KT Jaleel MLA in Muslim League fund raising