അന്ന് പ്രണവിനെ കുറിച്ച് പറഞ്ഞത് കേട്ട് ഞാനും അങ്ങനെയല്ലേയെന്ന് ലാല്‍ സാര്‍; ടിപ്പിക്കല്‍ ലാല്‍ സ്റ്റൈല്‍: സുഹാസിനി
Entertainment
അന്ന് പ്രണവിനെ കുറിച്ച് പറഞ്ഞത് കേട്ട് ഞാനും അങ്ങനെയല്ലേയെന്ന് ലാല്‍ സാര്‍; ടിപ്പിക്കല്‍ ലാല്‍ സ്റ്റൈല്‍: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 12:24 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹാസിനി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കെത്തിയത്.

മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരുടെ നായികയായും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം സുഹാസിനി ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ചിത്രത്തില്‍ കുഞ്ഞാലി മരക്കാറായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. കുഞ്ഞാലിയുടെ ഉമ്മയായ ഖദീജുമ്മയായാണ് സുഹാസിനി അഭിനയിച്ചത്. സിനിമയില്‍ കുഞ്ഞാലിയുടെ ചെറുപ്പം ചെയ്തിരുന്നത് പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു.

അന്ന് പ്രണവിനൊപ്പം അഭിനയിച്ച ശേഷം താന്‍ മോഹന്‍ലാലിനോട് സംസാരിച്ച കാര്യങ്ങളെ കുറിച്ച് പറയുകയാണ് സുഹാസിനി. ഗലാട്ട തമിഴില്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

നിങ്ങളുടെ മകന്‍ നല്ല നടനാണെന്നും നന്നായി പെരുമാറുന്ന ആളാണെന്നും നല്ല മനുഷ്യനാണെന്നും താന്‍ മോഹന്‍ലാലിനോട് പറഞ്ഞെന്നും അതിന് ‘ഞാനും അങ്ങനെയല്ലേ’ എന്നായിരുന്നു മോഹന്‍ലാല്‍ തിരികെ ചോദിച്ചതെന്നും സുഹാസിനി പറയുന്നു.

‘പ്രണവിനെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മയിലേക്ക് വരുന്ന ഒരു കാര്യമുണ്ട്. ഞാന്‍ അവന്റെ കൂടെ അഭിനയിച്ച ശേഷം മോഹന്‍ലാല്‍ സാറിനോട് ചെന്ന് അവനെ കുറിച്ച് സംസാരിച്ചു. നിങ്ങളുടെ മകന്‍ നല്ല നടനാണെന്ന് പറഞ്ഞു.

നന്നായി പെരുമാറുന്ന ആളാണെന്നും നല്ല മനുഷ്യനാണെന്നും ഞാന്‍ പറഞ്ഞു. അത് കേട്ടതും ഞാനും അങ്ങനെയല്ലേ എന്നായിരുന്നു ലാല്‍ സാര്‍ തിരികെ ചോദിച്ചത്. അതാണ് ടിപ്പിക്കല്‍ ലാല്‍ സ്റ്റൈല്‍ (ചിരി). ആ സെന്‍സ് ഓഫ് ഹ്യൂമറിനെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല,’ സുഹാസിനി പറഞ്ഞു.

Content Highlight: Suhasini Talks About Mohanlal And Pranav Mohanlal