എന്റേത് വളരെ മോശം അഭിനയമെന്ന് ആ മലയാള നടന്‍; ക്രിട്ടിക്കല്‍ ഫീഡ്ബാക്ക് തരാറുള്ളത് അയാളാണ്, കമല്‍ ഹാസനല്ല: സുഹാസിനി
Entertainment
എന്റേത് വളരെ മോശം അഭിനയമെന്ന് ആ മലയാള നടന്‍; ക്രിട്ടിക്കല്‍ ഫീഡ്ബാക്ക് തരാറുള്ളത് അയാളാണ്, കമല്‍ ഹാസനല്ല: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th December 2024, 7:59 am

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹാസിനി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലെത്തിയത്.

പത്മരാജന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മമ്മൂട്ടിയും റഹ്‌മാനുമായിരുന്നു നായകന്മാരായി എത്തിയത്. തുടര്‍ന്ന് വിവിധ ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുഹാസിനിക്ക് കഴിഞ്ഞു. കൂടെവിടെ എന്ന സിനിമക്ക് ശേഷവും മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

തനിക്ക് ക്രിട്ടിക്കല്‍ ഫീഡ്ബാക്ക് തരാറുള്ളത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുഹാസിനി. കമല്‍ ഹാസനാണോ എന്ന ചോദ്യത്തിന് കമല്‍ ഹാസനല്ല, മമ്മൂട്ടിയാണ് എന്നായിരുന്നു മറുപടി.

തന്റെ മുപ്പത് – നാല്‍പത് വയസുകളിലെ തെലുങ്ക് സിനിമയുടെ ക്ലിപ്പിങ്ങുകള്‍ കണ്ടിട്ട് മമ്മൂട്ടി വിളിച്ചിരുന്നുവെന്നും സുഹാസിനി പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘എനിക്ക് ക്രിട്ടിക്കല്‍ ഫീഡ്ബാക്ക് തരാറുള്ളത് ആരാണെന്ന് ചോദിച്ചാല്‍, ഒരിക്കലും അത് കമല്‍ ഹാസന്‍ അല്ല. മമ്മൂട്ടിയാണ്. എന്റെ മുപ്പത് – നാല്‍പത് വയസുകളിലെ തെലുങ്ക് സിനിമയുടെ ക്ലിപ്പിങ്ങുകളൊക്കെ കണ്ടിട്ട് അദ്ദേഹം ഒരു തവണ വിളിച്ചിരുന്നു.

അത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത് ‘നിനക്ക് ഒരിക്കലും 20കളില്‍ എങ്ങനെയാണോ അഭിനയിച്ചത് അതുപോലെ അഭിനയിക്കാന്‍ ആവില്ല. അതൊന്ന് കുറച്ച് എടുക്കണം’ എന്നായിരുന്നു. അത് എനിക്ക് ലഭിച്ച ഏറ്റവും നല്ല ഉപദേശം തന്നെയായിരുന്നു.

ഈയിടെ ഞാന്‍ ആരോടോ സംസാരിക്കുമ്പോള്‍ പോലും ഈ കാര്യം പറഞ്ഞിരുന്നു. 50 വയസാകുമ്പോള്‍ വീണ്ടും കുറയ്ക്കണം. കാരണം ഞാന്‍ ഇതൊക്കെ പഠിച്ചത് ഏറ്റവും ബെസ്റ്റായ ആളില്‍ നിന്നാണ്. മമ്മൂട്ടിയില്‍ നിന്നാണ്.

അതായത് 30ലോ 40ലോ നില്‍ക്കുമ്പോള്‍ എനിക്ക് ഒരിക്കലും 20കളിലെ പോലെ അഭിനയിക്കാന്‍ ആവില്ല. ഞാന്‍ കുറച്ച് കുറയ്ക്കണം. അതിന് പകരം സട്ടിലായി അഭിനയിക്കണം. ‘ഞാന്‍ നിന്റെ തെലുങ്ക് സിനിമയുടെ ക്ലിപ്പിങ് കണ്ടു. വളരെ മോശം’ എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. പക്ഷെ അതില്‍ വിഷമമൊന്നുമില്ല (ചിരി),’ സുഹാസിനി പറഞ്ഞു.

Content Highlight: Suhasini Talks About Mammootty’s Critical Feedback