1997ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവര്‍. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. ഐശ്വര്യ റായ് ആയിരുന്നു ഇരുവറില്‍ നായികയായത്.
ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസര്‍, തബു എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ മോഹന്‍ലാലും പ്രകാശ് രാജുമുള്ള ഒരു സീനിനെ കുറിച്ച് പറയുകയാണ് നടി സുഹാസിനി. ആ സീന്‍ താന്‍ ജീവിതത്തില്‍ നേരിട്ട് കണ്ടതായിരുന്നു എന്നാണ് നടി പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി.
‘ഇരുവര്‍ സിനിമയില്‍ മോഹന്‍ലാല്‍ തനിക്ക് പൊളിറ്റിക്‌സ് വേണ്ടെന്ന് പറയുമ്പോള്‍ പ്രകാശ് രാജ് അദ്ദേഹത്തെ ടെറസില്‍ കൊണ്ടു പോകുന്ന ഒരു സീനുണ്ട്. അവിടെ അയാളെ കാണാനായിട്ട് ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അത് സത്യത്തില്‍ ഞാന്‍ എന്റെ റിയല്‍ ലൈഫില്‍ കണ്ട സിറ്റുവേഷന്‍ ആയിരുന്നു.
എന്റെയും ചിരഞ്ജീവിയുടെയും ജീവിതത്തില്‍ നടന്ന കാര്യമായിരുന്നു അത്. ഒരിക്കല്‍ ഞങ്ങള്‍ എന്തോ സംസാരിക്കുമ്പോള്‍ അദ്ദേഹം ‘ഞാന്‍ വലിയ സ്റ്റാറാണ്. നീ ഇങ്ങനെ സംസാരിക്കരുത്. എനിക്ക് കുറച്ച് റെസ്‌പെക്ട് തരണം’ എന്ന് പറഞ്ഞു.
‘നിങ്ങള്‍ എന്ത് ബിഗ് സ്റ്റാര്‍, നിങ്ങള്‍ എന്റെ കോ – സ്റ്റാര്‍ മാത്രമാണ്’ എന്ന് പറഞ്ഞ എന്നെയും കൊണ്ട് അദ്ദേഹം അന്ന് ടെറസിലേക്ക് പോയി. തിരുപ്പതിയില്‍ വെച്ചായിരുന്നു ആ സംഭവം നടന്നത്. അന്ന് അദ്ദേഹത്തെ കാണാന്‍ തിരുപ്പതിയിലെ ആളുകള്‍ മുഴുവനും എത്തിയിരുന്നു.
അന്നാണ് ഞാന്‍ ഈ സ്റ്റാര്‍ പവര്‍ കാണുന്നത്. ആ സംഭവം എന്നെങ്കിലും ഒരു സിനിമയില്‍ കൊണ്ടുവരണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഇരുവര്‍ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ മണി സാറിനോട് ഈ കാര്യം പറഞ്ഞു. ആ സീന്‍ വേണമെന്ന് പറഞ്ഞതോടെ അദ്ദേഹം ഇരുവറില്‍ അത് റീ ക്രിയേറ്റ് ചെയ്യുകയായിരുന്നു,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini Talks About Iruvar Movie And Chiranjeevi