മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് സുഹാസിനി. നടിയുടേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍. രാഹുല്‍ റിജി നായര്‍ എഴുതി ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത ഈ വെബ് സീരീസില്‍ മിയയും സൈജു കുറുപ്പുമായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.
ഈ സീരീസിലെ ആദ്യ ഷോട്ടിനെ കുറിച്ച് പറയുകയാണ് സുഹാസിനി. അതില്‍ താന്‍ ശരിക്കും നെര്‍വസായെന്നാണ് നടി പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി. ടെന്‍ഷന്‍ ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ലെന്ന് പറയുന്ന നടി രാധികയോടൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും പറഞ്ഞു.
‘എന്റെ ആദ്യ സീന്‍ ക്ലോസപ്പ് ഷോട്ടോ ഒരാളോട് മാത്രമായി സംസാരിക്കുന്നതോ ആയിരുന്നില്ല. ഒരു ഇവന്റിന് വേണ്ടിയോ മറ്റോ ഓഫീസില്‍ വെച്ച് സംസാരിക്കുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. അതും നടന്ന് വന്ന് അത്രയും ആളുകളുടെ മുന്നില്‍ വെച്ച് എട്ട് പത്ത് വരികള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നു. പ്രസംഗം പോലെയായിരുന്നു അത്.
അതോടെ ഞാന്‍ ശരിക്കും നെര്‍വസായി. പക്ഷെ പിന്നീട് എനിക്ക് ഒരു കാര്യം മനസിലായി. അത് എനിക്ക് എളുപ്പത്തില്‍ ആ ഗ്രൂപ്പിലേക്ക് കയറാനുള്ള ഒരു ടെക്‌നിക്കായിരുന്നു. ഏറ്റവും ബുദ്ധിമുട്ടുള്ള സീന്‍ ആദ്യം തന്നെ ചെയ്ത് തീര്‍ത്തു. അങ്ങനെ ചെയ്താല്‍ പിന്നീട് വരുന്നതൊക്കെ എനിക്ക് എളുപ്പമാകുമല്ലോ.
വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഇപ്പോഴും ഞാന്‍ നെര്‍വസാകാറുണ്ട്. പ്രയാസകരമാണ്, അത്ര എളുപ്പമല്ല. ഷൂട്ടിന്റെ ആദ്യ ദിവസമായത് കൊണ്ട് മാത്രമല്ല. നമുക്ക് ചിലപ്പോള്‍ കൂടെയുള്ള ആരെയും പരിചയമുണ്ടാകില്ല. മുന്നില്‍ അമ്പതും അറുപതും ആളുകള്‍ നില്‍ക്കുമ്പോള്‍ ഞാന്‍ മാത്രമാണ് സംസാരിക്കുന്നത്. അവരാരും ഡയലോഗ് പറയുന്നില്ല. അപ്പോള്‍ എന്തായാലും ടെന്‍ഷന്‍ തോന്നുന്നുമല്ലോ.
ടെന്‍ഷന്‍ ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ല. ഞാന്‍ ഒരിക്കല്‍ രാധികയുടെ കൂടെ അഭിനയിക്കുകയായിരുന്നു. അതില്‍ വളരെ പ്രധാനപ്പെട്ട ഒരു സീന്‍ എടുക്കുകയായിരുന്നു. ആക്ഷന്‍ പറഞ്ഞാല്‍ പിന്നില്‍ നിന്ന് ഞങ്ങള്‍ക്ക് ഫ്രെയിമിലേക്ക് കടക്കണമായിരുന്നു. അപ്പോള്‍ രാധിക എന്നോട് കയ്യില്‍ പിടിക്കാന്‍ പറഞ്ഞു.
അവരുടെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. എന്തുപറ്റി രാധിക, നിങ്ങള്‍ നല്ല ഒരു ആക്ടറല്ലേയെന്ന് ഞാന്‍ ചോദിച്ചു. ‘പ്രധാനപ്പെട്ട സീനാണ്, എനിക്ക് പേടിയാണ്’ എന്നായിരുന്നു രാധികയുടെ മറുപടി. ഒരു നല്ല ആര്‍ട്ടിസ്റ്റ് എപ്പോഴും നെര്‍വസാകും,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini Talks About An Experience With Radhika