'നിങ്ങളുടെ നാലാമത്തെ പടമാണ്, എന്റെ നാനൂറാമത്തേതും'; സംവിധായകനോട് മമ്മൂട്ടി; പഴയ ഓര്‍മ പങ്കുവെച്ച് സുഹാസിനി
Film News
'നിങ്ങളുടെ നാലാമത്തെ പടമാണ്, എന്റെ നാനൂറാമത്തേതും'; സംവിധായകനോട് മമ്മൂട്ടി; പഴയ ഓര്‍മ പങ്കുവെച്ച് സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th May 2023, 8:50 am

മമ്മൂട്ടി നായകനായ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി സുഹാസിനി. മറ്റൊരു സംവിധായകന്‍ പറഞ്ഞ അനുഭവമാണ് സുഹാസിനി പങ്കുവെച്ചത്. ബീച്ചില്‍ വെച്ചെടുത്ത ഷോട്ടില്‍ മുന്നോട്ട് പോകാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടെന്ന് സുഹാസിനി പറഞ്ഞു. എന്നാല്‍ ഇത് നിങ്ങളുടെ നാലാമത്തെ പടവും തന്റെ നാനൂറാമത്തെ ചിത്രമാണെന്നും ഇനിയും മുന്നോട്ട് പോയാല്‍ എന്താണ് സംഭവിക്കുക എന്ന് തനിക്കാറിയാമെന്ന് മമ്മൂട്ടി മറുപടി പറഞ്ഞെന്നും സുഹാസിനി പറഞ്ഞു.

സിനി ഉലകത്തിലെ അഭിമുഖത്തില്‍ വെച്ച് ശോഭനയോട് സംസാരിക്കുകയായിരുന്നു സുഹാസിനി. ‘മമ്മൂട്ടിയുമൊത്തുള്ള സിനിമാ അനുഭവങ്ങള്‍ ഏതോ സംവിധായകന്‍ പങ്കുവെച്ചിരുന്നു. ബീച്ചിലെ ഷോട്ട് എടുക്കുകയായിരുന്നു. കുറച്ച് കൂടി മുന്നോട്ട് പോകൂ എന്ന് സംവിധായകന്‍ വിളിച്ച് പറഞ്ഞു.

ഇത് നിങ്ങളുടെ നാലാമത്തെ പടമാണ്, എന്റെ നാനൂറാമത്തെ പടമാണ്, അഭിനയിച്ച് ഇനിയും മുന്നോട്ട് പോയാല്‍ എന്താകുമെന്ന് എനിക്കറിയാം, നിങ്ങള്‍ക്ക് അറിയില്ല. നാലാമത്തെ പടത്തിന്റെ ആവേശമാണ് നിങ്ങള്‍ക്ക്. എന്റേത് നാനൂറാമത്തെ പടത്തിന്റേയും. അത് എത്രത്തോളമുണ്ടാവുമെന്ന് ചോദിച്ചു,’ സുഹാസിനി പറഞ്ഞു.

മമ്മൂട്ടിയുടെ കൂടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി വരെ നല്ല അടുപ്പമുണ്ടായിരുന്നു എന്നും ശോഭന പറഞ്ഞു. തനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി മമ്മൂട്ടിയുടെ പങ്കാളി സുല്‍ഫത്ത് ഒരുപാട് നേരം ഷൂട്ടിങ് ലൊക്കേഷനില്‍ കാത്തുനിന്നതിനെ കുറിച്ചും ശോഭന സംസാരിച്ചു.

‘മമ്മൂട്ടിയോടൊപ്പം അറുപതോളം സിനിമകള്‍ ചെയ്തു. ഞങ്ങള്‍ക്ക് ഒരേ സ്ഥലത്ത് തന്നെ ഷൂട്ടുണ്ടായിരുന്ന സമയമായിരുന്നു അത്. ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടില്‍ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പത്തിരിയും മീന്‍ കറിയുമെന്ന് പറഞ്ഞു.

എന്റെ ഷൂട്ട് കഴിയാന്‍ ഒരുപാട് വൈകി. പാവം അവര്‍ മൂന്ന് മണിവരെ എനിക്കുവേണ്ടി കാത്തിരുന്നു. ഒടുവില്‍ ഞങ്ങള്‍ നേരില്‍ കണ്ടു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചു,’ ശോഭന പറഞ്ഞു.

Content Highlight: suhasini shares a memory about mammootty