പത്മരാജന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറിയ അഭിനേത്രിയാണ് സുഹാസിനി. തുടര്‍ന്ന് വിവിധ ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുഹാസിനിക്ക് കഴിഞ്ഞു.
തന്റെ അഭിനയത്തെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് മമ്മൂട്ടി ആണെന്ന് പറയുകയാണ് സുഹാസിനി. തന്റെ മുപ്പതുകളിലും നാല്പതുകളിലും അഭിനയിച്ച തെലുങ്ക് സിനിമകളുടെ ഭാഗങ്ങള്‍ കണ്ട് മമ്മൂട്ടി വിളിച്ച് അറുപതുകളില്‍ അഭിനയിച്ചതുപോലെ ഇപ്പോള്‍ അഭിനയിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് സുഹാസിനി പറയുന്നു.
തനിക്കത് കേട്ട് വിഷമം ആകാറില്ലെന്നും നല്ല രീതിയിലാണ് എടുക്കാറുള്ളതെന്നും സുഹാസിനി പറഞ്ഞു. തനിക്കിതുവരെ കിട്ടിയതില്‍ മികച്ച ഉപദേശം അതായിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഹാസിനി.
‘ഏറ്റവും കൂടുതല്‍ വിമര്‍ശങ്ങള്‍ കിട്ടിയിട്ടുള്ളത് മമ്മൂട്ടിയുടെ അടുത്ത് നിന്നാണ്. എന്റെ മുപ്പതുകളിലും നാല്പതുകളിലും ഞാന്‍ ചെയ്ത തെലുങ്ക് സിനിമകളുടെ ക്ലിപ്പിങ്സ് കണ്ടിട്ട് അദ്ദേഹം എന്നെ വിളിച്ച് ‘നിങ്ങളുടെ ഇരുപതുകളില്‍ അഭിനയിച്ചതുപോലെ നിനക്ക് ഇപ്പോള്‍ അഭിനയിക്കാന്‍ കഴിയില്ല. അത് ശരിയാക്കണം’ എന്ന് പറഞ്ഞു.
‘നിന്റെ തെലുങ്ക് സിനിമ ഞാന്‍ കണ്ടിരുന്നു. അത് ഭയങ്കര മോശമായിരുന്നു’ എന്ന് അദ്ദേഹം പച്ചക്ക് പറയും. എന്നാല്‍ എനിക്കത് കേട്ട് വിഷമമില്ല. നല്ല രീതിയിലാണ് എടുക്കാറുള്ളത്. എനിക്ക് കിട്ടിയതില്‍ മികച്ച ഉപദേശമാണത്.
അതുകൊണ്ടുതന്നെ ഞാന്‍ ഇപ്പോള്‍ മറ്റുള്ളവരോടും പറയും നിങ്ങളുടെ നാല്പതുകളില്‍ നില്‍ക്കുമ്പോള്‍ അതുപോലെ അഭിനയിക്കണമെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഇരുപതുകളില്‍ ചെയ്തതെല്ലാം ഇപ്പോള്‍ കുറക്കണം. കുറച്ചുകൂടെ തന്മയത്വം വന്ന രീതിയില്‍ അഭിനയിക്കണമെന്ന്,’ സുഹാസിനി പറയുന്നു.
Content Highlight: Suhasini Says Mammootty Criticize Her The Most