Entertainment
ജനലിന് പകരം വലിയ ദ്വാരം, നിറമില്ലാത്ത ചുവർ, പണിതീരാത്ത ബിൽഡിങ്ങിൽ ആയിരുന്നു ഞങ്ങളുടെ കല്ല്യാണം: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 21, 02:39 pm
Wednesday, 21st June 2023, 8:09 pm

തന്റെ കല്യാണം നടന്ന സ്ഥലം തന്നെയാണ് അലൈപായുതേ എന്ന ചിത്രത്തിലെ രംഗം ചെയ്യാൻ മണിരത്നത്തിനെ പ്രേരിപ്പിച്ചതെന്ന് നടി സുഹാസിനി. പണി തീരാത്ത ഒരു കെട്ടിടത്തിലാണ് തന്റെയും മണിരത്നത്തിന്റെയും കല്യാണം നടന്നതെന്നും രണ്ടുമിനിട്ടിൽ ചടങ്ങുകൾ തീർക്കാനായിരുന്നു തീരുമാനം എന്നും സുഹാസിനി പറഞ്ഞു. ഇന്ത്യഗ്ലിറ്റസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുയുകയായിരുന്നു താരം.

‘ഞങ്ങളുടെ കല്യാണം നടന്ന സ്ഥലം ‘അലൈപ്പായുതേ’ എന്ന ചിത്രം ചെയ്യാൻ മണിക്ക് (മണിരത്നം) ഒരു ഇൻസ്പിരേഷൻ ആയിരുന്നു. കല്യാണം നടന്നത് മണിയുടെ സഹോദരന്റെ പണി തീരാത്ത ബിൽഡിങ്ങിൽ ആയിരുന്നു.

ആ വീട്ടിൽ സ്റ്റെയർ കേസിൽ കൈവരി ഒന്നും വെച്ചിട്ടുണ്ടായിരുന്നില്ല. ചുവരുകളിൽ പെയിന്റ് അടിച്ചിട്ടില്ല, ജനലിന് പകരം ഒരു വലിയ ദ്വാരം ആയിരുന്നു. അങ്ങനെ ഇരുന്ന ഒരു ബിൽഡിങ്ങിൽ ആയിരുന്നു ഞങ്ങളുടെ കല്യാണം നടന്നത്. ഓഗസ്റ്റ് 26 ന് ആയിരുന്നു കല്യാണം.

കല്യാണം ഒരു മണിക്കൂറിൽ നടത്താൻ പറ്റില്ലെന്നും രണ്ട് മിനിറ്റിൽ പരിപാടി തീർക്കണമെന്നും ഞങ്ങൾ കല്യാണം നടത്താൻ വന്ന സ്വാമിയെ പറഞ്ഞ്‌ മനസിലാക്കിയിട്ടുണ്ടായിരുന്നു. പരിപാടികൾ തുടങ്ങിയപ്പോൾ നല്ല ലൈറ്റൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. നമ്മുടെ പ്ലാൻ ഒക്കെ എവിടെ പോയി? രണ്ട് മിനിറ്റെന്ന് പറഞ്ഞിട്ട് സമയം പോകുവാണല്ലോ എന്ന് ഞാൻ മണിയോട് ചോദിച്ചു. ഏയ്, അതൊന്നും സാരമില്ല സമയം പൊക്കോട്ടെ ഇതിപ്പോ പരിപാടി കണ്ടിട്ട് നല്ല രസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണി പരിപാടിയൊക്കെ എൻജോയ് ചെയ്യാൻ തുടങ്ങിയിരുന്നു,’ സുഹാസിനി പറഞ്ഞു.

പൊന്നിയിൻ സെൽവൻ പാർട്ട് 2 (പി.എസ് 2 ) ആണ് മണിരത്നത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം. വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, റഹ്മാന്‍ തുടങ്ങിയ വലിയ താര നിരയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ആർ. റഹ്‌മാന്റെ സംഗീതംകൊണ്ടും താര നിരയുടെ ബലംകൊണ്ടും ദൃശ്യ മികവുകൊണ്ടും ചിത്രം വൻ ഹിറ്റായിരുന്നു.

Content Highlights: Suhasini on Manirathnam and their wedding