മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് ഞാന്‍ എല്ലാവരോടും പറയുന്ന ഉദാഹരണം ആ ചിത്രത്തിലേതാണ്: സുഹാസിനി
Entertainment
മമ്മൂക്കയുടെ അഭിനയത്തെ കുറിച്ച് ഞാന്‍ എല്ലാവരോടും പറയുന്ന ഉദാഹരണം ആ ചിത്രത്തിലേതാണ്: സുഹാസിനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 6:57 pm

പത്മരാജന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറിയ നായികയാണ് സുഹാസിനി. തുടര്‍ന്ന് വിവിധ ഭാഷകളില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 1987ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിച്ച ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍.

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. സംവിധായകന്‍ ഫാസില്‍ തനിക്ക് മലയാളത്തില്‍ ചെയ്യാന്‍ വേണ്ടി രണ്ട് സിനിമകളുടെ കഥ പറഞ്ഞെന്നും അതില്‍ ഇഷ്ടപ്പെട്ടത് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥയായിരുന്നെന്നും സുഹാസിനി പറയുന്നു.

ആ സിനിമയിലെ ഒരു സീനില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം മരിച്ച് കിടക്കുമ്പോള്‍ മമ്മൂട്ടി വന്ന് കരയുന്ന രംഗത്ത് കണ്ണടച്ച് കിടക്കുകയാണെങ്കിലും താന്‍ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് അനുഭവിച്ച് കരഞ്ഞെന്ന് സുഹാസിനി പറയുന്നു. അത് കണ്ട് സംവിധായകന്‍ ഫാസില്‍ കട്ട് വിളിച്ചെന്നും മമ്മൂട്ടി അപ്പോള്‍ അസ്വസ്ഥനായെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഫാസില്‍ മലയാളത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്നോട് രണ്ടു കഥകള്‍ പറഞ്ഞു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്നിവയായിരുന്നു അത്. ഉടന്‍ തന്നെ ഞാന്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയിലെ കഥാപാത്രത്തോട് ഓക്കെ പറഞ്ഞു. അത് വളരെ മനോഹരമായ ഒരു പ്രണയ കഥയായിരുന്നു.

പ്രണയ സിനിമകള്‍ അത്ര ഇഷ്ടമുള്ള ഒരാളല്ല ഞാന്‍. പക്ഷേ എന്തുകൊണ്ടോ എനിക്ക് ആ രണ്ട് കഥാപാത്രങ്ങളെയും ഇഷ്ടപ്പെട്ടു. ആ സിനിമയിലെ ഒരു സീനിനെക്കുറിച്ച് എല്ലാ ആര്‍ട്ടിസ്റ്റുകളോടും ഞാന്‍ ഇപ്പോഴും പറയാറുണ്ട്.

നീന മരിച്ച ശേഷം എന്നെ കാണാനായി മമ്മൂട്ടിയെ വീല്‍ചെയറില്‍ കൊണ്ടുവരുമ്പോള്‍ അദ്ദേഹം എന്നെ കിടത്തിയിരിക്കുന്ന പെട്ടിയില്‍ പിടിച്ചു നിന്നു കൊണ്ട് കരയും. പെട്ടെന്ന് സംവിധായകന്‍ കട്ട് വിളിച്ചു. എന്താണെന്ന് വെച്ചാല്‍ ഞാന്‍ അപ്പോള്‍ കരയുന്നുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സ് കണ്ട് കണ്ണടച്ച് കിടക്കുമ്പോഴും എനിക്ക് അത് അനുഭവിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഞാന്‍ കരഞ്ഞു പോയി. ഡയറക്ടര്‍ പറഞ്ഞു ദാ ഈ ഡെഡ് ബോഡി കരയുന്നുവെന്ന്. മമ്മൂട്ടി വളരെ അസ്വസ്ഥനായി. ഞാന്‍ നന്നായി അഭിനയിച്ചത് ഈ ശവ ശരീരം നശിപ്പിച്ചുവെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ആ അഭിനയപാടവത്തെക്കുറിച്ച് ഞാന്‍ ഇപ്പോഴും പല ആര്‍ട്ടിസ്റ്റുകളോടും പറയാറുണ്ട്,’ സുഹാസിനി പറയുന്നു.

Content Highlight: Suhasini Maniratnam Talks About Mammootty