ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി അഭിനയജീവിതം ആരംഭിച്ച നടിയാണ് സുഹാസിനി. നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലാണ് സുഹാസിനി ആദ്യമായി അഭിനയിച്ചത്. പദ്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ മലയാളത്തിലും സുഹാസിനി തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ സുഹാസിനി തന്റെ സാന്നിധ്യമറിയിച്ചു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ വാനപ്രസ്ഥത്തിലും സുഹാസിനി അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് വാനപ്രസ്ഥം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ മോഹന്‍ലാലിനെ തേടിയെത്തിയിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് പലരും വിചാരിച്ചെന്നും കിട്ടാതെ വന്നപ്പോള്‍ അവര്‍ക്ക് വിഷമമായെന്നും സുഹാസിനി പറഞ്ഞു.
എന്നാല്‍ ആ സിനിമയില്‍ തന്നെക്കാള്‍ മികച്ച പ്രകടനം നടത്തിയ മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയെന്നും ആ കാര്യത്തില്‍ താന്‍ വളരെയധികം ഹാപ്പിയാണെന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. വാനപ്രസ്ഥത്തില്‍ തന്നെക്കാള്‍ മികച്ച ആര്‍ട്ടിസ്റ്റ് മോഹന്‍ലാലായിരുന്നെന്നും സുഹാസിനി പറഞ്ഞു. തന്റെ കഥാപാത്രം ഇല്ലെങ്കില്‍ പോലും മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയേനെ എന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറഞ്ഞത്.
‘പലരും എന്നോട് ചോദിക്കാറുണ്ട്, ‘വാനപ്രസ്ഥത്തില്‍ എന്തുകൊണ്ട് സുഹാസിനിക്ക് അവാര്‍ഡ് കിട്ടിയില്ല?’ എന്ന്. എന്നെക്കാള്‍ ബെറ്ററായിട്ടുള്ള ആക്ടര്‍ക്ക് ആ സിനിമയില്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടല്ലോ എന്ന് ഞാന്‍ തിരിച്ച് പറയും. മോഹന്‍ലാലിന് സ്‌റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടി. ആ സിനിമയില്‍ എന്നെക്കാള്‍ ബെറ്റര്‍ ആക്ടര്‍ മോഹന്‍ലാലാണ്.
ഒരുപക്ഷേ എന്റെ കഥാപാത്രം ഇല്ലായിരുന്നെങ്കില്‍ പോലും മോഹന്‍ലാലിന് അവാര്‍ഡ് കിട്ടിയേനെ. അത്രമാത്രം ഗംഭീര പെര്‍ഫോമന്‍സാണ് മോഹന്‍ലാല്‍ ആ സിനിമയില്‍ കാണിച്ചത്. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയ സിന്ധു ഭൈരവി എന്ന സിനിമയോടൊപ്പമോ, അതിന് മേലെയോ നില്‍ക്കുന്ന സിനിമയാണ് വാനപ്രസ്ഥം. അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സും ഗംഭീരമായിരുന്നു,’ സുഹാസിനി പറഞ്ഞു.
Content Highlight: Suhasini about Vanaprastham movie and Mohanlal