| Tuesday, 7th February 2023, 7:52 pm

'എന്തൊരു സിനിമയാണ്, എന്റെ പെണ്‍മക്കളൊന്നും ഇങ്ങനെ ചെയ്യില്ല'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട് ജൂറിയിലിരുന്ന സംവിധായകന്‍ പറഞ്ഞു: സുഹാസിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

51ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനുള്ള ജൂറി ചെയര്‍പേഴ്‌സണായിരിക്കുമ്പോള്‍ ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ പറ്റിയുള്ള ഒരു സംവിധായകന്റെ പരാമര്‍ശങ്ങള്‍ പങ്കുവെക്കുകയാണ് നടി സുഹാസിനി. ഇത് എന്തൊരു സിനിമയാണെന്നും തന്റെ പെണ്‍മക്കളൊന്നും ആ നായികയെ പോലെ പ്രവര്‍ത്തിക്കില്ലെന്നും ജൂറി മെമ്പറായിരുന്ന സംവിധായകന്‍ പറഞ്ഞതായി സുഹാസിനി പറഞ്ഞു.

ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് തന്നെ താന്‍ ഉറപ്പ് വരുത്തിയെന്നും സിനിമ ശരിയായ കാഴ്ചപ്പാടാണ് നല്‍കിയതെന്നും സുഹാസിനി പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് സുഹാസിനിയുടെ പരാമര്‍ശങ്ങള്‍.

‘അടക്കളയില്‍ നീ ഇങ്ങനെ ചെയ്യണം, അതാണ് എനിക്ക് ഇഷ്ടം, എന്ന് പറഞ്ഞ് അടിമയെപോലെയാണ് പെണ്‍കുട്ടികളെ കാണുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ഇതൊന്നും സമ്മതിച്ചുകൊടുക്കില്ലെന്ന് പെണ്‍കുട്ടികള്‍ തീരുമാനിച്ചു.

കേരളത്തില്‍ ഞാന്‍ ജൂറി ചെയര്‍പേഴ്‌സനായിരിക്കുമ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും മത്സരിക്കാനുണ്ടായിരുന്നു. ഇത് എന്താണ് സുഹാസിനി, എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്, ഇതുപോലൊന്നും അവര്‍ ചെയ്യില്ല, ഇതൊന്നും സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല എന്നൊരു സംവിധായകന്‍ പറഞ്ഞു.

ഞാന്‍ ഒരാള്‍ മാത്രമാണ് അവിടെ പെണ്ണായിട്ടുള്ളത്. എട്ടൊമ്പത് ആണുങ്ങളാണ് അവിടെ ഇരിക്കുന്നത്. ഇതാണ് ഏറ്റവും മികച്ച സിനിമയെന്ന് ഞാന്‍ ഉറപ്പ് വരുത്തി. കാരണം അത് ശരിയായ കാഴ്ചപ്പാടായിരുന്നു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്ന കാഴ്ചപ്പാടാണ് അത്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് ഒരുപാട് തര്‍ക്കിക്കേണ്ടി വന്നു,’ സുഹാസിനി പറഞ്ഞു.

മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ ഐശ്വര്യ രാജേഷാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. ആര്‍. കണ്ണന്‍ സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. ആര്‍.ഡി.സി മീഡിയ നിര്‍മിച്ച ചിത്രത്തില്‍ രാഹുല്‍ രവീന്ദ്രനാണ് സുരാജ് വെഞ്ഞാറന്‍മൂട് അഭിനയിച്ച വേഷത്തില്‍ എത്തുന്നത്.

Content Highlight: suhasini about the great indian kitchen

We use cookies to give you the best possible experience. Learn more