മുംബൈ: സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും നടിമാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ദിപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ശ്രുതി ഹസന്, തപസി പന്നു തുടങ്ങിയവരൊക്കെ ഇതിന്റെ ഇരകളായവരാണ്. ആ നിരയിലേക്ക് പുതിയെരാള് കൂടി എത്തിയിരിക്കുകയാണ്. നടിയല്ല, ഭാവിയിലെ താരമാണ് സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.
ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ് ഖാന്റെ മകള്‍ സുഹാനെയെയാണ് സോഷ്യല്‍ മീഡിയ ആക്രമിക്കുന്നത്. കഴിഞ്ഞ ദിവസം സുഹാനയുടെ ചിത്രം അമ്മ ഗൗരി ഖാന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. ഈ ചിത്രത്തിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസം. സുഹാനയെ കാണാന്‍ ഷാരൂഖിന്റെ ഫീമെയില്‍ പതിപ്പ് പോലുണ്ടെന്നും ശരിയ്ക്കും പെണ്കുട്ടിയല്ലെന്നുമൊക്കെയാണ് സൈബര്‍ ലോകത്തെ പരിഹാസം.
വിഗ് ധരിച്ച ഷാരൂഖാണോയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. അച്ഛന്റെ പാത പിന്തുടര്ന്ന് ബോളിവുഡിലേക്ക് ഭാവിയില്‍ രംഗപ്രവേശനം കാത്തിരിക്കുന്ന സുഹാന ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്. സുഹാനയ്ക്ക് നിരവധി ഫോളോവേഴ്സുമുണ്ട്. ഇടയ്ക്കിടെ വരുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോള്‍ സുഹാനയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ ചെറുത്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശിക്കുന്നവരും കളിയാക്കുന്നവരും വിവരമില്ലാത്തവരാണെന്നും സുഹാന ഭാവിയിലെ താരമാണെന്നുമാണ് ആരാധകര്‍ പറയുന്നത്.