| Monday, 25th November 2019, 2:32 pm

ഷുഹൈബ് വധക്കേസ്: സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്; നോട്ടീസ് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ് . സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍യിലാണ് സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് എതിരെ ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍യിലാണ് നോട്ടീസ്.

സര്‍ക്കാരിന്റെ നിലപാട് കേട്ട ശേഷം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവി, സി.ബി.ഐ ഡയറക്ടര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചിരുന്നു. ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

കേസിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഷുഹൈബ് വധത്തെ ഉള്‍പ്പെടുത്താനാകില്ല. യു.എ.പി.എ വകുപ്പ് നിലനില്‍ക്കില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഷുഹൈബ് വധക്കേസിലെ അന്വേഷണം കാര്യക്ഷമം അല്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

എന്നാല്‍ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഡിവിഷന്‍ ബഞ്ചില്‍ കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ ചിലവഴിച്ച് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ഫെബ്രുവരി 13 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബ് വെട്ടേറ്റ് കൊല്ലപ്പെടുന്നത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് അക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

We use cookies to give you the best possible experience. Learn more