ഡയലോഗും ഖുർആൻ വാക്യവും നീക്കം ചെയ്യാൻ നിർദേശം; ഹമാരേ ബാരക്ക് പ്രദർശനാനുമതി നൽകി ബോംബെ ഹൈ കോടതി
Entertainment
ഡയലോഗും ഖുർആൻ വാക്യവും നീക്കം ചെയ്യാൻ നിർദേശം; ഹമാരേ ബാരക്ക് പ്രദർശനാനുമതി നൽകി ബോംബെ ഹൈ കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th June 2024, 3:07 pm

ബോളിവുഡ് ചിത്രം ഹമാരേ ബാരക്ക് വെള്ളിയാഴ്ച റിലീസ് ചെയ്യാൻ അനുമതി നൽകി ബോംബെ ഹൈ കോടതി. സിനിമയിലെ ഒരു ഡയലോഗും ഒരു ഖുർ ആൻ വാക്യവും നീക്കം ചെയ്യാനാണ് കോടതിയുടെ നിർദേശം.

നേരത്തെ ഹമാരേ ബാരയുടെ റിലീസ് സുപ്രീം കോടതി തടഞ്ഞിരുന്നു. സിനിമ ഇസ്‌ലാമിക വിശ്വാസത്തെയും വിവാഹിതരായ മുസ്‌ലിം സ്ത്രീകളെയും അവഹേളിക്കുന്നുവെന്നായിരുന്നു ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ജൂൺ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ റിലീസ് സ്റ്റേ ചെയ്യുകയായിരുന്നു. വിക്രം നാഥ്, സന്ദീപ് മേത്ത എന്നീ ജസ്റ്റിസുമാർ അടങ്ങുന്ന ബെഞ്ചായിരുന്നു അന്ന് ഹരജി പരിഗണിച്ചത്.

ടീസര്‍ ഇത്രയും ഒഫന്‍സീവാണെങ്കില്‍ ആ സിനിമ എന്താകുമെന്നാണ് കോടതി അന്ന് ചോദിച്ചത്.

ഹമാരേ ബാരായുടെ റിലീസും സംപ്രേഷണവും മുമ്പ് കര്‍ണാടക സര്‍ക്കാരും തടഞ്ഞിരുന്നു. സിനിമയുടെ റിലീസിനെ ചോദ്യം ചെയ്തു കൊണ്ട് വിവിധ മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹരജിക്ക് പിന്നാലെയായിരുന്നു റിലീസ് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നത്.

വര്‍ഗീയ സംഘര്‍ഷം തടയാനായിരുന്നു ഒരു അറിയിപ്പ് നല്‍കുന്നത് വരെ ഹമാരേ ബാരാ പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സിനിമ തിയേറ്ററുകളിലും സ്വകാര്യ ടെലിവിഷന്‍ ചാനലുകലും മറ്റു സമൂഹമാധ്യമങ്ങളിലും ഉള്‍പ്പെടെ എല്ലാ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെയും ട്രെയ്‌ലറിന്റെയും റിലീസ് നിര്‍ത്തി വെച്ചിരുന്നു.

ചിത്രത്തിന് കോടതിയിപ്പോൾ ക്ലീൻ ചീറ്റ് നൽകിയിരിക്കുകയാണ്. ജസ്റ്റിസ് ബി. പി. കൊളബാവല്ല, ജസ്റ്റിസ് ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരിവിട്ടത്. ഒരു ഡയലോഗും ഒരു ഖുർ ആൻ വാക്യവും നീക്കാമെന്ന് നിർമാതാക്കൾ സമ്മതിച്ചിട്ടുണ്ട്.

 

Content Highlight: Suggestion to remove dialogue and Quran verse; Bombay High Court grants Hamare Barra  permission to show