കൊച്ചി: വനിതാ മതിലില്‍ അണിനിരക്കുന്ന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവിന്റെ സമീപനം പദവിക്ക് യോജിച്ചതല്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. മുഖ്യമന്ത്രിയോട് തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വനിതാമതിലിന് വഴിയൊരുങ്ങിയതെന്നും പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
മറ്റ് സമുദായസംഘടനകളെ “എടുക്കാച്ചരക്കുകള്‍” എന്ന് വിശേഷിപ്പിച്ചതിലൂടെ പരിപാടിയില്‍ പങ്കെടുക്കാത്ത എന്‍.എസ്.എസിനെ മഹത്വവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ചെന്നിത്തല എന്‍.എസ്.എസിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുരുങ്ങരുതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. എറണാകുളത്ത് കെ.പി.എം.എസ് സംസ്ഥാന നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“190 സംഘടനകളെ സര്‍ക്കാര്‍ കത്തയച്ച് യോഗത്തില്‍ വിളിച്ചിരുന്നു. അതില്‍ 174 സംഘടനകള്‍ പങ്കെടുത്തു. എന്‍.എസ്.എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന, ദുരഭിമാനക്കൊലയും സദാചാര ആക്രമണങ്ങളും നടമാടുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമൂഹമനഃസ്ഥിതിക്ക് ചികിത്സ അത്യാവശ്യമാണ്. കേരളത്തില്‍ നവോത്ഥാന പോരാട്ടങ്ങള്‍ ഉയര്‍ന്നു വന്നത് കീഴാള വിഭാഗങ്ങളില്‍ നിന്നാണ്. നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മന്നത്ത് പത്മനാഭന്റെയും വിടി ഭട്ടതിരിപ്പാടിന്റെയും പിന്‍മുറക്കാര്‍ ഇന്നെവിടെ നില്‍ക്കുന്നുവെന്ന് ചിന്തിക്കണം”. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ കൂടിയായ പുന്നല ശ്രീകുമാര്‍ പറഞ്ഞു.
നാടിന്റെ പൊതു താത്പര്യത്തിനു വേണ്ടി വിഭാഗീയ ചിന്താഗതികള്‍ക്ക് അതീതമായി ജനങ്ങളെ അണിനിരത്തുന്ന ഒന്നായി വനിതാമതില്‍ മാറുകയാണെന്നും നവോത്ഥാന പ്രസ്ഥാന നേതാക്കളായി ഹിന്ദുക്കള്‍ മാത്രമേയുള്ളോ എന്ന ചോദ്യം ചരിത്രത്തെ വെല്ലുവിളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. നവോത്ഥാന സമൂഹങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമമാണ് വനിതാമതിലിലൂടെ നടത്തുന്നത്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും പുന്നല ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.