| Thursday, 13th September 2012, 10:41 am

സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കര്‍ശന നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ വരുന്നവര്‍ക്ക് കൃത്യമായി ബില്‍ നല്‍കിയിരിക്കണമെന്നും അല്ലാത്തപക്ഷം നോട്ടീസ് കൂടാതെ പൂട്ടുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ആളുകള്‍ക്ക് നല്‍കുന്ന ബില്ലില്‍ ഹോട്ടലിന്റെ പേര്, ലൈസന്‍സ് നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം.[]

അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റെയ്ഡുകളും ബോധവത്കരണ പരിശീലന പരിപാടികളും നടന്നിട്ടും പലരും നിഷേധാത്മക സമീപനം പുലര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കര്‍ശന നടപടി കൊണ്ടുവന്നത്.

ഹോട്ടലുകളില്‍ ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലുള്ള ടോള്‍ഫ്രീ നമ്പരും അതത് സ്ഥലത്തുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നമ്പരും പ്രദര്‍ശിപ്പിക്കണം. ക്യാഷ് കൗണ്ടറില്‍ പൊതുജനങ്ങള്‍ കാണുന്ന വിധത്തിലായിരിക്കണം ഇത് പ്രദര്‍ശിപ്പിക്കേണ്ടത്.

സ്ഥാപനത്തില്‍ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കല്‍ മൈക്രോ ബയോളജിക്കല്‍ പരിശോധന കാലാനുസൃതമായി ഇടവേളകളില്‍ അംഗീകൃത ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി രേഖകള്‍ സൂക്ഷിക്കണം.

അടുക്കളയും പരിസരവും അടര്‍ന്നുവീഴാത്ത രീതിയില്‍ പ്ലാസ്റ്റര്‍ചെയ്ത്, വൈറ്റ്‌വാഷ് ചെയ്ത്, ചിലന്തിവല, മറ്റ് അഴുക്കുകള്‍ ഒന്നുമില്ലാതെ സൂക്ഷിക്കണം. അടുക്കളഭാഗത്തുള്ള ഓടകളിലോ തറയിലോ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കക്കൂസുകള്‍, കുളിമുറികള്‍ എന്നിവ അടുക്കളഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more