| Sunday, 27th September 2020, 8:42 pm

'ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും നന്ദി, പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്'; സുഗതകുമാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് എഴുത്തുകാരി സുഗതകുമാരി.

സമൂഹത്തിലെ സ്ത്രീകള്‍ക്കെല്ലാം വേണ്ടി പ്രതികരിച്ച ഭാഗ്യലക്ഷ്മിക്ക് സുഗതകുമാരി നന്ദി അറിയിച്ചു. തന്റെ മാത്രമല്ല നാട്ടിലെ എല്ലാ സ്ത്രീകളുടെയും അഭിനന്ദവും നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്നും സുഗതകുമാരി ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കേണ്ടതുണ്ടെന്നും, പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുതെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു.

‘ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെ അഭിനന്ദനം, നന്ദി, സ്‌നേഹം എല്ലാം അറിയിക്കുന്നു. കാരണം ഞങ്ങള്‍ക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങള്‍ നിയമം കയ്യിലെടുത്തുപോകും. പൊലീസ് എന്തെങ്കിലും ചെയ്യും, എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ല. കൂടുതല്‍ കൂടുതല്‍ പേര്‍ അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കും. നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കേണ്ടതുണ്ട്. ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എന്തെങ്കിലും കേസ് വന്നാലും ഞങ്ങള്‍ സഹിക്കും’, സുഗതകുമാരി പറഞ്ഞു.

‘വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്. സര്‍ക്കാര്‍ അതിശക്തമായ നടപടിയെടുക്കണം. പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്. അതിന് സമൂഹം മുന്നോട്ടുവരണം’, അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തുവന്നിരുന്നു. സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും ഭാഗ്യലക്ഷ്മിക്ക് പിന്തുണയറിയിച്ചിരുന്നു. ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണെന്നാണ് ഫെഫ്ക പ്രതികരിച്ചത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

വിജയ് പി. നായരുടെ താമസസ്ഥലത്ത് പോയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധിച്ചിരുന്നത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. ഭാഗ്യലക്ഷ്മിയും ദിയാ സനയും ശ്രീലക്ഷ്മി അറക്കലും വിജയ് പി. നായര്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് രാത്രി ഏറെ വൈകി വിജയ് പി. നായര്‍ ഇവര്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണി, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നെങ്കിലും സൈബര്‍ പൊലീസോ സിറ്റി പൊലീസ് കമ്മീഷണറോ കേസ് എടുത്തിരുന്നില്ല.

വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയ് പി. നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sugathakumari supporting bagyalakshmi for protesting against vijay nair

We use cookies to give you the best possible experience. Learn more