തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന പീഡനപരമ്പരകളില്‍ പ്രതികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തത് പൊലീസിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി.
പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയിട്ടും ആരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. പൊലീസിലെ ഒരാളെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടോ സ്ഥലംമാറ്റിയതുകൊണ്ടോ കാര്യമില്ല. ഇത് പൊലീസിന്റെ തലപ്പത്തെ കുറ്റമാണോ താഴത്തെ കുറ്റമാണോ എന്നൊന്നും തനിക്കറിയില്ല. എത്രയോ കാലങ്ങളായി ഞങ്ങള്‍ ഇക്കാര്യമൊക്കെ ആവശ്യപ്പെടുന്നു. ദല്‍ഹിയില്‍ നിര്‍ഭയ സംഭവുണ്ടായപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ അതിനെതിരെ ഒത്തുചേര്‍ന്നു. എന്തുകൊണ്ടാണ് ഇതിനെതിരെ ഇവിടെ ഒരു ചെറുവിരല്‍ പോലും ആരും അനക്കാത്തത്.
കഠിനമായ കുറ്റകൃത്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് കെട്ടിത്തൂക്കുകയെന്നത് കേരളത്തെ സംബന്ധിച്ച് അക്ഷന്ത്യവ്യമായ അപമാനകരമായ കാര്യമാണ്.
ഇതിനെതിരെ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ വനിതാ ദിനത്തില്‍ പ്രതിജ്ഞയെടുത്തു. സ്ത്രീകള്‍ തന്റേടം വീണ്ടെടുക്കണം. ചാവേറുകളാണം. ആരും രക്ഷിക്കുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടാവരുത്.
സ്ത്രീകള്‍ക്കെതിരെ എന്ത് അതിക്രമം നടത്തിയാലും അവര്‍ക്ക് വേണ്ടി കൂടിയ വക്കീലന്‍മാര്‍ വരും. അവരെ രക്ഷിച്ചെുടക്കും. അവരെ തീറ്റിപ്പോറ്റി വളര്‍ത്തിയെടുക്കും. അതാണ് നടക്കുന്നത്.
എന്തിന് ഏറെ പറയുന്നു വധശിക്ഷ പാടില്ല എന്ന് വരെ വാദിക്കാന്‍ ഇവിടെ മനുഷ്യാവകാശ പ്രവര്‍ത്തകരുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കണം. ഞങ്ങള്‍ക്ക് ഒരിക്കലും ഇത്തരക്കാര്‍ക്ക് മാപ്പുകൊടുക്കാനാവില്ല.
ഇത്തരം കേസുകളില്‍ ഉടന്‍ നടപടി വേണം. ശിക്ഷ ഉടന്‍ നടപ്പാക്കണം. ഇതിനെല്ലാം പ്രധാനകാരണം ഇന്റര്‍നെറ്റിന്റെ പ്രചാരമാണ്. വീട്ടില്‍ കിടന്നുറങ്ങുന്ന പ്രായമായ അമ്മമാര്‍ക്ക് പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി. വൃദ്ധര്‍ക്ക് പോലും സ്വന്തം വീട് സുരക്ഷിതമല്ലാതായി മാറി.
കഞ്ചാവും മയക്കുമരുന്നും ഇന്റര്‍നെറ്റും എല്ലാംകൂടി ചേര്‍ന്ന് മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കുന്ന ഈ കാലത്ത് ജനങ്ങളും പൊലീസും സര്‍ക്കാരും ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും സുഗതകുമാരി പറയുന്നു.