| Saturday, 4th July 2020, 9:43 pm

സൂഫിയും സുജാതയും; അതിഥി റാവുവിനെ ആംഗ്യഭാഷ പഠിപ്പിച്ച തൃശൂര്‍കാരന്‍

അന്ന കീർത്തി ജോർജ്

മലയാളസിനിമയിലെ ആദ്യ ഒ.ടി.ടി റിലീസ് ചിത്രമായ സൂഫിയും സുജാതയും കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലെത്തിയത്. നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം കാല്‍പ്പനികമായ ഒരു പ്രണയലോകത്തിലേക്ക് പ്രേക്ഷനകനെ കൊണ്ടുപോകുകയാണ്.

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ സുജാതയെന്ന ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച ബോളിവുഡ് താരം അതിഥി റാവുവിന്റെ പ്രകടനം മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആര്‍ദ്രമായ ഭാവങ്ങള്‍ക്കൊപ്പം സുജാതയുടെ ആംഗ്യഭാഷയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായവുകയാണ്. സൂഫിക്കും സുജാതക്കുമായി അതിഥി റാവു ആംഗ്യഭാഷ പഠിക്കുന്നതിന്റെ വാര്‍ത്തകള്‍ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് തന്നെ പുറത്തുവന്നിരുന്നു.

എന്നാല്‍ തൃശൂരില്‍ നിന്നുള്ള സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററായ ലിവിന്‍ സി ലോനക്കുട്ടിയാണ് അതിഥി റാവുവിനെ ആംഗ്യഭാഷ പഠിപ്പിച്ചതെന്ന് അധികമാര്‍ക്കുമറിയില്ല. സിനിമയിലെ ആംഗ്യഭാഷയെക്കുറിച്ചും അതിഥി റാവുവിനെ പഠിപ്പിച്ചതിനെക്കുറിച്ചും ലിവിന്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

എങ്ങിനെയാണ് സൂഫിയും സുജാതയിലുമെത്തുന്നത് ?

ഞാന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററാണ്. ഒരു സുഹൃത്ത് വഴി നിര്‍മ്മാതാവ് വിജയ് ബാബുവിന്റെ അടുത്തെത്തുകയായിരുന്നു. അങ്ങിനെയാണ് സൂഫിയും സുജാതയുടെയും ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്.

അതിഥി റാവുവിനെ ആംഗ്യഭാഷ പഠിപ്പിച്ച അനുഭവം ? പെട്ടെന്ന് പഠിക്കാന്‍ കഴിയുന്ന ഭാഷയല്ലല്ലോ ഇത്

സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ മുംബൈയില്‍ ചെന്ന് അതിഥി റാവുവിന് ആംഗ്യഭാഷയുടെ ട്രെയ്നിംഗ് നല്‍കിയിരുന്നു. അതുകഴിഞ്ഞ് മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഗുണ്ടല്‍പ്പേട്ട്, കോഴിക്കോട്, അട്ടപ്പാടി ഇവിടങ്ങളിലായിരുന്നു ചിത്രീകരണം. അതിഥി റാവു ഉണ്ടായിരുന്ന ഏകദേശം 30 ദിവസത്തോളം ഞാനും സെറ്റിലുണ്ടായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആംഗ്യഭാഷയില്‍ വരുന്ന ഭാഗങ്ങള്‍ വീണ്ടും കാണിച്ചുകൊടുക്കും. അതു കണ്ട് അവര്‍ ചെയ്യുകയായിരുന്നു.

ലിവിന്‍ അതിഥി റാവുവിനൊപ്പം

അതിഥി വളരെ ഡെഡിക്കേറ്റഡ് ആയ നടിയാണ്. നല്ല സഹകരണവുമുണ്ടായിരുന്നു. നമുക്ക് നല്ല പിന്തുണ നല്‍കുമായിരുന്നു. ഏതെങ്കിലും നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ പറയാന്‍ സാധിക്കുമായിരുന്നു. അങ്ങിനെ പറയുന്ന നിര്‍ദേശങ്ങള്‍ അവര്‍ സ്വീകരിക്കും.

സുജാതയുടെ ആംഗ്യഭാഷക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് അഭിപ്രായങ്ങള്‍ വരുന്നുണ്ടല്ലോ ?

ഷാനവാസിക്ക ഈ സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യുന്ന സമയത്ത് ആദ്യമേ പറഞ്ഞത് കണ്ടുപഴകിയ ടിപ്പിക്കല്‍ ആയിട്ടുള്ള ഒരു ആംഗ്യഭാഷ രീതി വേണ്ട എന്നതായിരുന്നു. മറ്റു സിനിമകളില്‍ കണ്ടുവരുന്ന സൈന്‍ ലാഗ്വേജ് വേണ്ട, പകരം ഇതിലെ കഥാപാത്രമായ സുജാതക്ക് ചേരുന്ന തരത്തിലുള്ള ഒരു ആംഗ്യഭാഷ രീതിയാണ് വേണ്ടത് എന്നാണ് പറഞ്ഞത്.

ഒരു സാങ്കല്‍പ്പിക ഗ്രാമമെന്ന് തോന്നുന്ന ഒരു സ്ഥലത്താണ് സിനിമയുടെ കഥ നടക്കുന്നത്. ആ ഗ്രാമത്തിലെ സംസാരശേഷിയില്ലാത്ത ഒരു കുട്ടി അവളുടേതായ രീതിയില്‍ ആശയവിനിമയം നടത്തുകയാണ്. സുജാതക്ക് വേണ്ടി സുജാത തീര്‍ക്കുന്ന ആംഗ്യഭാഷ, ആ രീതിയിലാണ് ചിത്രത്തിലെ ഭാഷ ഒരുക്കിയത്.

സൂഫി സുജാതയോട് വയസ്സ് ചോദിക്കുമ്പോള്‍ സുജാത ആംഗ്യഭാഷയില്‍ മറുപടി പറയുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണല്ലോ. ആ സീന്‍ എങ്ങിനെയായിരുന്നു ഒരുക്കിയത് ?

സാധാരണ ആംഗ്യഭാഷയിലല്ല ആ സീന്‍ ചെയ്തിരിക്കുന്നത്. ആ സീന്‍ വ്യത്യസ്തമായി ചെയ്യാനുള്ള ആശയം സംവിധായകനായ ഷാനവാസിക്കയുടെ ആയിരുന്നു. 22 വയസ്സ് എന്നുള്ളത് നൃത്തത്തിലെ മുദ്രകളിലൂടെ പറയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുജാത എന്ന കഥാപാത്രം നര്‍ത്തകിയാണല്ലോ, അപ്പോള്‍ ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ ചെയ്യാമെന്ന് വെക്കുകയായിരുന്നു. ഈ ഒരു ആശയത്തിന്റെ പുറത്താണ് ആ സീനിലെ സുജാതയുടെ ആംഗ്യം ഒരുക്കിയത്.

ഒരുപാട് പേര്‍ ആ സീന്‍ കണ്ട് നല്ല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. സിനിമ കണ്ടപ്പോള്‍ മനസ്സില്‍ പതിഞ്ഞ ഒരു ഭാഗമാണെന്ന് പലരും പറഞ്ഞു.

ആദ്യമായിട്ടാണോ ഒരു സിനിമയുടെ ഭാഗമാകുന്നത് ? എന്തായിരുന്നു അനുഭവം?

ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. വളരെ നല്ല ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. മലയാളത്തിലെ ഏറ്റവും നല്ല പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ഫ്രൈഡേ ഫിലിംസിന്റെ ചിത്രത്തിന്റെ ഭാഗമാകാനായതിലും ഏറെ സന്തോഷമുണ്ട്. സംവിധായകന്‍ ഷാനവാസിക്ക, ക്യാമറ ചെയ്ത അനു സാര്‍ ലീഡ് റോള്‍ ചെയ്ത അതിഥി റാവുവും ജയസൂര്യയുമൊക്കെ നല്ല പിന്തുണയായിരുന്നു. സൈന്‍ ലാഗ്വേജ് ഇന്റര്‍പ്രെറ്റര്‍ മാത്രമായി എത്തിയ എനിക്ക് സിനിമയുടെ ഒരുപാട് കാര്യങ്ങള്‍ കാണാനും പഠിക്കാനും സാധിച്ചു.

സെറ്റില്‍ ആദ്യം ചെല്ലുന്ന സമയത്ത് കുറെ പേര്‍ക്കൊന്നും ഞാന്‍ ആരാണ് എന്തിനാണ് വന്നിരിക്കുന്നത് എന്നൊന്നും മനസ്സിലായില്ല. സംവിധായകനും ആര്‍ട്ടിസ്റ്റുകള്‍ക്കും മാത്രമേ ഞാന്‍ ആരാണൊന്നൊക്കെ അറിയുമായിരുന്നുള്ളു. പിന്നെ ഞാന്‍ ഈ ആംഗ്യഭാഷയില്‍ ചെയ്യുന്നത് കണ്ട് അവര്‍ക്ക് കാര്യം പിടികിട്ടി. ഒഴിവ് സമയത്ത് ചിലരൊക്കെ വന്ന് ആംഗ്യഭാഷയെക്കുറിച്ച് ചോദിക്കുകയും പഠിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തിരുന്നു. അതെല്ലാം ഷൂട്ടിംഗ് സമയത്തെ രസമുള്ള ഓര്‍മ്മകളാണ്.

അടുത്ത കാലത്ത് ഇറങ്ങിയ ഹ്രസ്വ ചിത്രങ്ങളില്‍ ശ്രദ്ധ നേടിയ ‘രാഘവന്‍ ‘എന്ന ഷോര്‍ട്ട് ഫിലിംമിന്റെ കഥ ലിവിന്റെയായിരുന്നല്ലോ ? സിനിമാരംഗത്തേക്ക് വരാനുള്ള ഒരുക്കത്തിലാണോ ?

എന്റെ പ്രൊഫഷന്‍ സൈന്‍ ലാഗ്വേജ് ഇന്റര്‍പ്രെറ്റേഷന്‍ തന്നെയാണ്. എന്റെ ചില സുഹൃത്തുക്കള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്. അപ്പോള്‍ അവര്‍ ചെയ്യുന്ന ചില വര്‍ക്കുകളുടെ ഭാഗമാകാറുണ്ട്. അത്രയേ ഉള്ളു. അല്ലാതെ വലിയ എഴുത്തുകാരനൊന്നുമല്ല ഞാന്‍.

രാഘവന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചെയ്ത് ഷോര്‍ട്ട് ഫിലിമായിരുന്നു. സുര്‍ജിത്തേട്ടാനായിരുന്നു കേന്ദ്ര കഥാപാത്രത്തെ ചെയ്തത്. അതിന്റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസിന്റെ അസോസിയേറ്റ് ആയിട്ടുള്ള രാഹുല്‍ ആയിരുന്നു. അവന്‍ എന്റെ സുഹൃത്താണ്. അങ്ങിനെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ടീം വര്‍ക്കായി ചെയ്ത ചിത്രമാണത്. സുഹൃത്തുക്കള്‍ കൂടി എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതിയതാണ്. അതിന് നല്ല അഭിപ്രായം വന്നിരുന്നു.

കലാരംഗത്ത് ഈ സൈന്‍ ലാഗ്വേജിന്റെ സാധ്യതകള്‍ കുറച്ചറിയണം എന്ന് ആഗ്രഹമുണ്ട്. ഇതുപോലെ സിനിമയില്‍ അഭിനേതാക്കള്‍ക്ക് ട്രെയ്നിംഗ് നല്‍കലായാലും അല്ലെങ്കില്‍ മറ്റു കലാരൂപങ്ങളില്‍ ആംഗ്യഭാഷയുടെ ഉപയോഗം അതൊക്കെ.

എങ്ങിനെയാണ് ആംഗ്യഭാഷാ പഠനത്തിലേക്ക് എത്തുന്നത് ?

ഡിഗ്രി പഠനം കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് സൈന്‍ ലാഗ്വേജ് ഇന്റര്‍പ്രെറ്റേഷന്‍ എന്ന പുതിയ കോഴ്‌സ് വരുന്നത്. അന്ന് ഒരു കൗതുകത്തിന്റെ പുറത്ത് പഠിക്കാന്‍ ചേര്‍ന്നതാണ്. കോട്ടയത്തും ഇന്‍ഡോറുമായിരുന്നു പഠനം. പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ആംഗ്യഭാഷയും ആ മേഖലയും ഇഷ്ടപ്പെട്ടു.

ആംഗ്യഭാഷ വളരെ ക്രിയേറ്റീവായ ഒരു ഭാഷയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൈകളിലൂടെ ആശയവിനിമയം നടത്തുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. നമ്മള്‍ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും കൈകളിലൂടെ പറയാനുക എന്നത് ക്രിയേറ്റീവായ കാര്യമാണ്.

പഠനത്തിന് ശേഷം മൂന്നര വര്‍ഷത്തോളം പല സ്ഥലങ്ങളിലായി ജോലി ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍പ്രെറ്ററായി ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലെത്തി സൂഫിക്കും സുജാതയിലും വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഫ്രീലാന്‍സായി ചില ജോലികള്‍ ചെയ്തുവരികയാണ്.

സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെറ്ററും സിനിമമേഖലയില്‍ താല്‍പര്യവുമുള്ള ആളെന്ന നിലയില്‍ മലയാള സിനിമയില്‍ ഇതുവരെ എങ്ങിനെയാണ് ഈ ആംഗ്യഭാഷ അവതരിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

സംവിധായകന്‍ ഷാനവാസിക്ക കണ്ടു പഴകിയ രീതിയിലുള്ള ആംഗ്യഭാഷ രീതികളൊന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ സംസാരശേഷിയില്ലാത്തവര്‍ കഥാപാത്രങ്ങളായെത്തുന്ന ചില സിനിമകള്‍ കണ്ടിരുന്നു. ആ സിനിമകളിലൊക്കെ ആംഗ്യഭാഷ വല്ലാതെ മുഴച്ചുനില്‍ക്കും പോലെ ചെയ്തിരിക്കുന്നതായി തോന്നിയിരുന്നു.

സൂഫിയിലും സുജാതയിലും ആ കഥാപാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍, സ്വഭാവികത തോന്നുന്ന പോലെ ചെയ്യാനാണ് ശ്രമിച്ചത്. ഷാനവാസിക്കയോടൊപ്പം ആ രീതിയില്‍ വര്‍ക്ക ചെയ്‌തെടുക്കുകയായിരുന്നു. പിന്നെ ഫ്രൈഡേ ഫിലിംസ് പൂര്‍ണ്ണ പിന്തുണയും സ്വാതന്ത്ര്യവും നല്‍കിയിരുന്നു. അതിഥി റാവുവിന്റെ പ്രകടനമാണ് സ്വാഭാവികമായ രീതിയില്‍ ആംഗ്യഭാഷയെ അവതരിപ്പിക്കുന്നതില്‍ ഏറ്റവും മികച്ച പങ്കുവഹിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more