| Sunday, 6th April 2025, 6:39 pm

11 പേര്‍ കളിക്കുന്ന ക്രിക്കറ്റ് ടീമില്‍ 12ാം നമ്പറില്‍ ബാറ്റിങ്, അതും രണ്ട് തവണ; അമ്പരപ്പിച്ച് പാകിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകിദന പരമ്പരയിലും സന്ദര്‍ശകര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ബേ ഓവലില്‍ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ 43 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കാനും കിവികള്‍ക്കായി.

മൂന്നാം ഏകദിനം 42 ഓവറായി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 221ന് പുറത്താവുകയായിരുന്നു.

ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്ലും റൈസ് മാരിയൂവും അര്‍ധ സെഞ്ച്വറി നേടി. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ബെന്‍ സീര്‍സിന്റെ പ്രകടനമാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

ഈ മത്സരത്തില്‍ പാക് സൂപ്പര്‍ താരം സൂഫിയന്‍ മഖീം ചരിത്രമെഴുതിയിരുന്നു. പാകിസ്ഥാന് വേണ്ടി 12ാമനായി ബാറ്റിങ്ങിനിറങ്ങിയതോടെയാണ് മഖീം ഏകദിന ക്രിക്കറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചത്.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയതോടെയാണ് മഖീം 12ാമനായി ബാറ്റിങ്ങിനിറങ്ങിയത്. ആറ് പന്ത് നേരിട്ട് രണ്ട് റണ്‍സുമായി താരം പുറത്തായിരുന്നു.

പരമ്പരയിലെ രണ്ടാം മത്സരത്തിലും മഖീം ഇത്തരത്തില്‍ 12ാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയിരുന്നു. ഇതോടെ ഏകദിന ചരിത്രത്തില്‍ രണ്ട് തവണ 12ാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തമാക്കി.

ഹാമില്‍ട്ടണില്‍ നടന്ന രണ്ടാം മത്സരത്തില്‍ പത്ത് പന്ത് നേരിട്ട് പുറത്താകാതെ 13 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12ാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ താരമെന്ന നേട്ടവും മഖീം സ്വന്തമാക്കിയിരുന്നു.

നേരത്തെ ബംഗ്ലാദേശിനെതിരെ 12ാം നമ്പറിലിറങ്ങി പുറത്താകാതെ നാല് റണ്‍സ് നേടിയ സഹീര്‍ ഖാന്റെ പേരിലായിരുന്നു ഈ റെക്കോഡുണ്ടായിരുന്നത്. 2023ലെ അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ വണ്‍ ഓഫ് ടെസ്റ്റിലാണ് ഈ റെക്കോഡ് പിറന്നത്.

മിര്‍പൂരില്‍ നടന്ന രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാദിഹി റിട്ടയര്‍ഡ് നോട്ട്ഔട്ടായതിന് പിന്നാലെയാണ് 12ാം നമ്പറില്‍ സഹീര്‍ ഖാന്‍ കളത്തിലിറങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 12ാം നമ്പറിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

(റണ്‍സ് – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

13* – സൂഫിയാന്‍ മഖീം – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 2025

4* – സഹീര്‍ ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – ബംഗ്ലാദേശ് – 2023

2 – സൂഫിയാന്‍ മഖീം – പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 2025

1* – ഫസല്‍ഹഖ് ഫാറൂഖി – അഫ്ഗാനിസ്ഥാന്‍ – പാകിസ്ഥാന്‍ – 2023

അതേസമയം, 12ാം നമ്പറിലിങ്ങിയെങ്കിലും റണ്‍സടിക്കാന്‍ സാധിക്കാതെ പോയ താരങ്ങളുണ്ട്.

0* – ഷാനന്‍ ഗബ്രിയേല്‍, എദാബോത് ഹൊസൈന്‍, ജെയ്ഡന്‍ സീല്‍സ്, ഹെന്റി സെന്യോണ്‍ഡോ.

0 – ലുങ്കി എന്‍ഗിഡി, അബു ജായേദ്, ജോഷ്വ ലിറ്റില്‍.

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നേരത്തെ നടന്ന ടി-20 പരമ്പരയിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് സന്ദര്‍ശകര്‍ പരാജയപ്പെട്ടത്.

Content Highlight: Sufian Maqeem becomes the first ever player to bat at No: 12 for 2 times

We use cookies to give you the best possible experience. Learn more