മോദി സര്‍ക്കാറിന്റേത് മുസ്‌ലിം വിരുദ്ധ സമീപനം: സൂഫി സമ്മേളനം
Daily News
മോദി സര്‍ക്കാറിന്റേത് മുസ്‌ലിം വിരുദ്ധ സമീപനം: സൂഫി സമ്മേളനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st March 2016, 8:51 am

modiന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധ സമീപനം സ്വീകരിക്കുന്നുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ വ്യാപകമാണെന്നും അന്താരാഷ്ട്ര സൂഫി സമ്മേളനം. കലാപങ്ങള്‍ കാരണം മുസ് ലീങ്ങളുടെ മനസില്‍ ഭീതി വര്‍ധിച്ചിട്ടുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. രാം ലീല മൈതാനിയില്‍ ശനിയാഴ്ച നടന്ന സമാപന സമ്മേളനത്തിലാണ് സര്‍ക്കാറിനെതിരെ ഇത്തരമൊരു ആരോപണമുയര്‍ന്നത്.

രാം ലീല മൈതാനിയിലെ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിച്ച സൂഫി നേതാവ് മുഹമ്മദ് അഷ്‌റഫ് ആണ് ഇക്കാര്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന പ്രധാന വിമര്‍ശനങ്ങള്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്നത് ആശങ്കാജനകമാണ്.

രാജ്യത്ത് അടുത്തകാലത്തായി ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അസഹിഷ്ണുതാ പ്രവണതകളില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

കലാപങ്ങള്‍ കാരണം മുസ്‌ലീങ്ങളുടെ മനസില്‍ ഭീതിയുടെ അന്തരീക്ഷം വളര്‍ന്നിട്ടുണ്ട്. ഈ ഭീതിയകറ്റാന്‍ നടപടിയെടുക്കണം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായിട്ടുള്ള ചെറുതും വലുതമായ എല്ലാ കലാപങ്ങളുമായും ബന്ധപ്പെട്ട് എന്തു നടപടികളാണ് ആഭ്യന്തരമന്ത്രാലയം കൈക്കൊണ്ടതെന്നു പറയണം.

ഇന്ത്യന്‍ മുസ് ലീങ്ങളുടെ താല്‍പര്യം സര്‍ക്കാര്‍ മനസിലാക്കുമെന്നും ഞങ്ങളുടെ അപേക്ഷകള്‍ ശ്രമിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ സൂഫിസത്തെ ക്ഷയിപ്പിച്ച് തീവ്രവാദ വിഘടനവാദ ആശയത്തെ വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കുറച്ചുദശാബ്ദങ്ങളായി നടക്കുന്നുണ്ട്. ഈ പ്രതിഭാസം മുസ് ലീങ്ങള്‍ക്കുമാത്രമല്ല രാജ്യത്തിനു തന്നെ ഭീഷണിയാണ്. ഈ ചരിത്ര അബദ്ധങ്ങള്‍ പരിഹരിച്ച് ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന സൂഫികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കണം.

വിവിധ ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍, സ്റ്റേറ്റഅ വഖഫ് ബോര്‍ഡ്, കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍, ന്യൂനപക്ഷ സാമ്പത്തിക വികസന കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സൂഫി പാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ക്ക് ജനസംഖ്യാനുപാദമായി പ്രാതിനിധ്യം നല്‍കണം.

സൂഫിസം പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കണമെന്ന് ലോകത്തിലെ എല്ലാ സര്‍ക്കാരുകളോടും പ്രത്യേകിച്ച് ഇന്ത്യന്‍ സര്‍ക്കാറിനോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഉന്നതസ്ഥാനങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്ത സ്ഥിതിവിശേഷമാണ്. സര്‍ക്കാര്‍ ഈ പ്രശ്‌നം പരിശോധിക്കണം.

വിഭാഗീയത സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യന്‍ അഖണ്ഡതയ്ക്ക് ഭീഷണിയാണ്.