1984ലെ സിഖ് വിരുദ്ധ കലാപം; ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുറ്റം ചുമത്താൻ ദൽഹി കോടതിയുടെ ഉത്തരവ്
national news
1984ലെ സിഖ് വിരുദ്ധ കലാപം; ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുറ്റം ചുമത്താൻ ദൽഹി കോടതിയുടെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 3:06 pm

ന്യൂദൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുറ്റം ചുമത്താൻ നിർദേശിച്ച് ദൽഹി റോസ് അവന്യൂ കോടതി. വെള്ളിയാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് (സി.ബി.ഐ) കോടതി നിർദേശം നൽകുകയായിരുന്നു.

കൊലപാതകം, കൊലപാതക പ്രേരണ, കലാപം, മതത്തിൻ്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് ടൈറ്റ്‌ലറെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക ജഡ്ജി രാകേഷ് സിയാൽ പറഞ്ഞു. നേരത്തെ കേന്ദ്ര ഏജൻസി ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയെങ്കിലും 2015ൽ കോടതി ഉത്തരവിനെ തുടർന്ന് കേസ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 147 , 153 എ, 188, 295, 436, 451, 380, 149, 302, 109 എന്നീ വകുപ്പുകൾ പ്രകാരം മുൻ കേന്ദ്രമന്ത്രിയായിരുന്ന ടൈറ്റ്‌ലറിനെതിരായ വിചാരണ തുടരാമെന്ന് കോടതി ഉത്തരവിട്ടു.

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ ജഗദീഷ് ടൈറ്റ്‌ലർ ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിക്കുന്നത് ദൃക്‌സാക്ഷികൾ കണ്ടെന്ന് 2024 ജനുവരിയിൽ ദൽഹി കോടതിയിൽ സി.ബി.ഐ പറഞ്ഞിരുന്നു.

1984 ഒക്‌ടോബർ 31ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്ന് ദൽഹിയിൽ വലിയ തോതിലുള്ള കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തിൽ ചില കോൺഗ്രസ് നേതാക്കൾ ഒരു വിഭാഗം ജനക്കൂട്ടത്തെ സഹായിച്ചിരുന്നു. അവർ സിഖുകാരെ ആക്രമിക്കുകയും അവരുടെ വീടുകൾ കത്തിക്കുകയും ചെയ്തിരുന്നു. ദൽഹിയിൽ മാത്രം മൂവായിരത്തോളം സിഖുകാരാണ് കൊല്ലപ്പെട്ടത്.

2023 മെയ് മാസത്തിൽ സമർപ്പിച്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് താൻ 100 സിഖുകാരെ കൊന്നു എന്ന് പറയുന്നത് ദൃക്‌സാക്ഷികൾ കണ്ടതായി പറയുന്നു. കൂടാതെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് തൻ്റെ നിയോജകമണ്ഡലത്തിൽ നാമമാത്രമായ സിഖുകാരെ മാത്രമേ കൊല്ലാൻ സാധിച്ചിരുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞെന്നും സാക്ഷി മൊഴിയിൽ ഉണ്ട്.

സാക്ഷി മൊഴികൾ പ്രകാരം ടൈറ്റ്‌ലർ തൻ്റെ വെള്ള അംബാസഡർ കാറിൽ ഗുരുദ്വാരയെ സമീപിക്കുകയും ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും ആക്രമം അഴിച്ച് വിടുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ഏജൻസി പറഞ്ഞു.

ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ച നിയമവിരുദ്ധ സംഘത്തിൻ്റെ ഭാഗമായിരുന്നു ടൈറ്റ്‌ലർ എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്ന് സി.ബി.ഐ പറഞ്ഞു.1991 നും 1996 നും ഇടയിൽ പി. വി നരസിംഹ റാവു സർക്കാരിലും 2004 മുതൽ 2005 വരെ മൻമോഹൻ സിങ്ങിൻ്റെ മന്ത്രിസഭയിലും ടൈറ്റ്‌ലർ കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

 

 

 

Content Highlight: ‘Sufficient Proof’: Delhi Court Orders Framing of Charges Against Jagdish Tytler In 1984 Anti-Sikh Riots Case