| Wednesday, 30th November 2022, 10:48 am

അദാനിക്ക് വേണ്ടി എന്‍.ഡി.ടി.വി ഇനി ഭരിക്കുന്ന പ്രമുഖര്‍; സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ ചെങ്കല്‍വരയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപകരും പ്രൊമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ച സാഹചര്യത്തില്‍ ഇവരുടെ ഒഴിവിലേക്ക് പുതിയ ഡയറക്ടര്‍മാരായി വരുന്നത് ‘അദാനി ഗ്രൂപ്പിലെ പ്രമുഖര്‍’.

എന്‍.ഡി.ടി.വിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (RRPR Holding Private Limited) ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പ്രണോയിയും രാധികയും കഴിഞ്ഞ ദിവസം രാജിവെച്ചത്.

സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ പുതുതായി അടിയന്തര പ്രാധാന്യത്തോടെ ഡയറക്ടര്‍മാരായി നിയമിക്കുമെന്ന് ഇതിന് പിന്നാലെ എന്‍.ഡി.ടി.വി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യക്കും കൈമാറിയ റെഗുലേറ്ററി ഫയലിങ് രേഖയിലാണ് ഇക്കാര്യം പറയുന്നത്.

പൊളിറ്റിക്കല്‍, ബിസിനസ് ജേര്‍ണലിസ്റ്റായ സഞ്ജയ് പുഗാലിയ (Sanjay Pugalia) സി.എന്‍.ബി.സി ആവാസ് (CNBC Awaaz) ചാനലിന്റെ മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് ആണ്. 12 വര്‍ഷത്തോളം സി.എന്‍.ബി.സിയില്‍ പ്രവര്‍ത്തിച്ച പുഗാലിയ ആജ്തക്, സ്റ്റാര്‍ ന്യൂസ്, സീ ന്യൂസ് എന്നിവയുടെയും നേതൃസ്ഥാനത്തുണ്ടായിരുന്നു.

നിലവില്‍ അദാനി എന്റര്‍പ്രൈസസിലെ (Adani Enterprises) മീഡിയ ഇനീഷ്യേറ്റീവുകളുടെ സി.ഇ.ഒയും എഡിറ്റര്‍ ഇന്‍ ചീഫും കൂടിയാണ് പുഗാലിയ.

അദാനി ഗ്രൂപ്പിന്റെ നോര്‍ത്ത് അമേരിക്കയിലെ സി.ഇ.ഒയും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് (സി.ടി.ഒ) സുദീപ്ത ഭട്ടാചാര്യ (Sudipta Bhattacharya). ഇതിന് മുമ്പ് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന്റെ (Adani Ports and SEZ) സി.ഇ.ഒ ആയും അദാനി ഗ്രൂപ്പിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറായും ഭട്ടാചാര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായും അദ്ദേഹം പത്ത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചതാണ്.

35 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് ജേര്‍ണലിസ്റ്റായ സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ (Senthil Sinniah Chengalvarayan) സി.എന്‍.ബി.സി ടി.വി18ന്റെ (CNBC TV18) സ്ഥാപക എഡിറ്ററാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റ്‌വര്‍ക്ക് 18 (Network 18) ഗ്രൂപ്പിന്റെ ബിസിനസ് ന്യൂസ് റൂം എഡിറ്റര്‍-ഇന്‍-ചീഫ് ആയും ചെങ്കല്‍വരയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, ചൊവ്വാഴ്ച നടന്ന ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയായിരുന്നു പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും രാജി പ്രഖ്യാപനം. ഇരുവരുടെയും രാജി സ്വീകരിച്ചതായി എന്‍.ഡി.ടി.വി വ്യക്തമാക്കിയിട്ടുണ്ട്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയ് എന്‍.ഡി.ടി.വിയുടെ ചെയര്‍പേഴ്സണും രാധിക എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്.

എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈവശമുള്ള പ്രൊമോട്ടര്‍ കമ്പനിയാണ് ആര്‍.ആര്‍.പി.എച്ച്. ഇതാണ് നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെയായിരുന്നു എന്‍.ഡി.ടി.വിയുടെ 29.2 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

മാധ്യമ മേഖലയില്‍ അദാനിയുടെ ഉപകമ്പനിയായ എ.എം.ജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് അവരുടെ തന്നെ അനുബന്ധ സ്ഥാപനമായ വി.സി.പി.എല്ലില്‍ (വിശ്വപ്രദാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും എന്‍.ഡി.ടി.വിയുടെ ഓഹരികള്‍ വാങ്ങിയത്.

വി.സി.പി.എല്ലില്‍ നിന്നും എന്‍.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ വാങ്ങിക്കുമെന്നും 26 ശതമാനം ഓഹരികള്‍ക്കായി ഓപ്പണ്‍ ഓഫര്‍ ആരംഭിക്കും എന്നുമായിരുന്നു അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് അറിയിച്ചിരുന്നത്.

26 ശതമാനം ഓഹരി കൂടി ലഭിക്കുകയാണെങ്കില്‍, അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എന്‍.ഡി.ടി.വിയുടെ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് വഴിയൊരുക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 85 കോടി രൂപയായിരുന്നു എന്‍.ഡി.ടി.വിയുടെ ലാഭം. പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കും 32.26 ശതമാനം ഓഹരി സ്ഥാപനത്തിലുണ്ട്.

എന്‍.ഡി.ടി.വി 24×7, എന്‍.ഡി.ടി.വി ഇന്ത്യ, എന്‍.ഡി.ടി.വി പ്രോഫിറ്റ് എന്നീ ടി.വി ചാനലുകളാണ് എന്‍.ഡി.ടി.വി ഗ്രൂപ്പിനുള്ളത്.

അതിനിടെ, ആര്‍.ആര്‍.പി ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍.ആര്‍.പി.എച്ച്) 99.5 ശതമാനം നിയന്ത്രണങ്ങളുമേറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള വി.സി.പി.എല്ലിന്റെ നടപടിക്കെതിരെ എന്‍.ഡി.ടി.വി രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് വി.സി.പി.എല്‍ ഇത്തരമൊരു നടപടിക്കൊരുങ്ങിയതെന്നായിരുന്നു എന്‍.ഡി.ടിവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Content Highlight: Sudipta Bhattacharya, Sanjay Pugalia and Senthil Chengalvarayan are the new directors of promoter group entity of NDTV

We use cookies to give you the best possible experience. Learn more