അടുത്തിടെ തിയേറ്ററുകളില്‍ വന്ന് വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതല്‍ ദി കോര്‍. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി, ജ്യോതിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സ്വവര്‍ഗ പ്രണയത്തെ പറ്റി സംസാരിച്ച ചിത്രത്തില്‍ മമ്മൂട്ടിക്കും ജ്യോതികക്കും പുറമേ തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടിന്റെ പ്രകടനവും ചര്‍ച്ചയായിരുന്നു.
കാതലിന് മുമ്പ് പാലേരിമാണിക്യത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും എന്നാല്‍ താന്‍ അഭിനയിച്ച സീന്‍ കട്ട് ചെയ്ത് പോയെന്നും സുധി കോഴിക്കോട് പറഞ്ഞു. അത് തനിക്ക് വലിയ വിഷമമായെന്നും മൂന്ന് ദിവസം വീടിന് പുറത്തിറങ്ങിയില്ലെന്നും സുധി കോഴിക്കോട് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
’13 ദിവസം മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്തിരുന്നു. അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല. ശങ്കര്‍ രാമകൃഷ്ണനായിരുന്നു അതിന്റെ ചീഫ് അസോസിസിയേറ്റ് ഡയറക്ടര്‍. നാലഞ്ച് ഡയലോഗുകള്‍ ഉള്ള ഒരു സീനായിരുന്നു എന്റേത്. ആ ഷോട്ട് കഴിഞ്ഞിട്ടും ശങ്കരേട്ടന്‍ അവിടെ നില്‍ക്കാന്‍ പറഞ്ഞു. രഞ്ജിത്ത് സാര്‍ ഒരു ഷോട്ട് എടുത്താല്‍ സെറ്റിലിരുന്ന് പിന്നേയും എഴുതും. അങ്ങനെ എന്റെ ഷൂട്ട് 13 ദിവസം നീണ്ടുപോയി. മമ്മൂക്കയോടൊപ്പം നില്‍ക്കാനുള്ള ഭാഗ്യമുണ്ടായി. ആ സീന്‍ ഞാന്‍ ഡബ്ബും ചെയ്തു.
എന്നാല്‍ ഫൈനല്‍ കട്ടില്‍ ആ സീന്‍ പോയി. അത് ഭയങ്കര വിഷമമായി. മൂന്ന് ദിവസം വീടിന് പുറത്തിറങ്ങിയില്ല. ഇമോഷണലി ഞാന്‍ ഭയങ്കര സെന്‍സിറ്റീവാണ്. കാതലിലെ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ അത് സഹായകവുമാണ്. എന്നാല്‍ അത് ഒരു നടന്റെ ദൗര്‍ബല്യവുമാണ്. അവിടെ പോയി നിന്നാല്‍ മതി. ഇമോഷന്‍ താനേ ഇങ്ങ് വന്നോളും,’ സുധി കോഴിക്കോട് പറഞ്ഞു.
നവംബര്‍ 23നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വേഫററര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ കാതല്‍ ദി കോറില്‍ മാത്യുവിന്റെ പങ്കാളിയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്. പോള്‍സണും ആദര്‍ശും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
അന്‍വര്‍ അലിയും ജാക്വിലിന്‍ മാത്യുവും ചേര്‍ന്ന് വരികള്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മാത്യൂസ് പുളിക്കനാണ് സംഗീതം പകര്‍ന്നത്. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍ഹഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഫ്രാന്‍സിസ് ലൂയിസ് കൈകാര്യം ചെയ്തു.
Content Highlight: Sudhi kozhikodu about paleri manikyam movie