ജിയോ ബേബി ഒരുക്കിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുമ്പോൾ മമ്മൂട്ടിയുടെ പ്രകടനത്തോടൊപ്പം പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കുന്ന അഭിനയം കാഴ്ചവെച്ച നടനാണ് സുധി കോഴിക്കോട്. തങ്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുധി അവതരിപ്പിച്ചിട്ടുള്ളത്.
കാതലിൽ മമ്മൂട്ടിയും സുധിയും പരസ്പരം നോക്കുന്ന സീനുകൾ ഉണ്ട്. എന്നാൽ ഇനി മമ്മൂട്ടിയെ നേരിൽ കാണുമ്പോൾ, ‘നിങ്ങൾ എനിക്കൊരു പുതിയ ജീവിതം തന്നു മമ്മൂക്ക’ എന്ന രീതിയിലാവും താൻ ഇനി മമ്മൂക്കയെ നോക്കുകയെന്ന് പറയുകയാണ് സുധി.
തന്റെ പേരിന്റെ കൂടെ കോഴിക്കോട് എന്ന് ചേർത്തത് സുധി കോപ്പയെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടാണെന്നും ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സുധി പറഞ്ഞു.
‘സുധി എന്ന നടനെ ക്രിയേറ്റ് ചെയ്ത മമ്മൂക്കയെയാണ് എനിക്കിനി കാണേണ്ടത്. നിങ്ങൾ എനിക്കൊരു പുതിയ ജീവിതം തന്നിരിക്കുന്നു മമ്മൂക്ക എന്ന രീതിയിലാണ് എനിക്ക് അദ്ദേഹത്തെ ഇനി നോക്കാനുള്ളത്. അത് വാക്കുകൾക്കപ്പുറമാണ്.
അഭിനയിച്ച സിനിമയുടെ പേരിൽ അറിയപ്പെടണമെന്ന് സത്യസന്ധമായി ഞാൻ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണ് ഇനി മുന്നോട്ടുപോകേണ്ടത് എന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുകയായിരുന്നു.
സുധി കോഴിക്കോട് എന്ന പേര് കൊടുക്കാൻ കാരണം, സുധി കോപ്പയൊക്കെ ഭയങ്കര എസ്റ്റാബ്ലിഷ്ഡായി ഇൻഡസ്ട്രിയൽ ഉള്ളത് കൊണ്ടാണ്. ആ സമയത്ത് പലരും എന്നോട് ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് പറഞ്ഞത് സുധി കോഴിക്കോട് എന്ന് കൊടുക്കാമെന്ന്. സുധി എന്നുമാത്രം കൊടുത്താൽ സുധി കോപ്പയാണെന്ന് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാണത്.
ഈ പേരിൽ ഒരു മാറ്റം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഈ പേര് മോശമായതുകൊണ്ടല്ല. പേരിന്റെ കൂടെ കാതൽ എന്ന് ചേർക്കാൻ ഞാൻ വിചാരിക്കുന്നുണ്ട്.
സുധി കാതൽ എന്നാക്കാൻ തീരുമാനിച്ചിട്ടൊന്നുമില്ല. ഒരുപാട് ആളുകളോട് ആലോചിച്ചിട്ട് തീരുമാനിക്കണം,’ സുധി കോഴിക്കോട് പറയുന്നു.
Content Highlight: Sudhi Kozhikode Talk About Mammootty