| Monday, 27th November 2023, 11:21 pm

സുധി എന്ന് മാത്രം കൊടുത്താൽ സുധി കോപ്പയാണെന്ന് തെറ്റിദ്ധരിക്കുമെന്ന് തോന്നി: സുധി കോഴിക്കോട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം കാതൽ ദി കോർ തിയേറ്ററിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ജിയോ ബേബി ഒരുക്കിയ കാതൽ, കാമ്പുള്ള വ്യത്യസ്തമായ ഒരു പ്രണയകഥയാണ് സംസാരിക്കുന്നത്.

ചിത്രത്തിൽ മമ്മൂക്കയുടെ പ്രകടനം കയ്യടി നേടുമ്പോൾ കാതൽ കണ്ട പ്രേക്ഷകർ മറക്കാത്ത മറ്റൊരു കഥാപാത്രം കൂടിയുണ്ട്, തങ്കൻ എന്ന വേഷം അവതരിപ്പിച്ച സുധി കോഴിക്കോട് ആണത്.

കാലങ്ങളായി മലയാള സിനിമയിൽ അഭിനയിക്കുന്ന സുധിയെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത് കാതലിലൂടെയാണ്. അഭിനയിച്ച സിനിമയുടെ പേരിൽ എന്നും അറിയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു എന്നാണ് സുധി പറയുന്നത്.

തന്റെ പേരിന്റെ കൂടെ കോഴിക്കോട് എന്ന് ചേർത്തത് സുധി കോപ്പയെല്ലാം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്നതുകൊണ്ടാണെന്നും ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സുധി പറഞ്ഞു. ഭാവിയിൽ ഒരുപക്ഷേ പേരിനോടൊപ്പം കാതൽ എന്ന് ചേർക്കുന്നതിനെ കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അഭിനയിച്ച സിനിമയുടെ പേരിൽ എന്നും അറിയപ്പെടണമെന്ന് സത്യസന്ധമായി ഞാൻ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണ് ഇനി ഈ മേഖലയിൽ മുന്നോട്ടുപോകേണ്ടത് എന്നതിനെപറ്റി ഞാൻ ആലോചിക്കുകയായിരുന്നു.

ഞാൻ സുധി കോഴിക്കോട് എന്ന പേര് കൊടുക്കാൻ കാരണം, സുധി കോപ്പയൊക്കെ ഭയങ്കര എസ്റ്റാബ്ലിഷ്ഡായി ഇൻഡസ്ട്രിയൽ ഉള്ളത് കൊണ്ടാണ്. പലരും എന്നോട് ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് സുധി കോഴിക്കോട് എന്ന് കൊടുക്കാമെന്ന് പറഞ്ഞത്. സുധി എന്നുമാത്രം പേര് കൊടുത്താൽ സുധി കോപ്പയാണെന്ന് തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാണത്.

ഈ പേരിൽ ഒരു മാറ്റം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഈ പേര് മോശമായതുകൊണ്ടല്ല. പേരിന്റെ കൂടെ കാതൽ എന്ന് ചേർക്കാൻ ഞാൻ വിചാരിക്കുന്നുണ്ട്.

സുധി കാതൽ എന്നാക്കാൻ തീരുമാനിച്ചിട്ടൊന്നുമില്ല. ഒരുപാട് ആളുകളോട് ആലോചിച്ചിട്ട് തീരുമാനിക്കണം,’ സുധി കോഴിക്കോട് പറയുന്നു.

Content Highlight: Sudhi Kozhikode Talk About His Name

Latest Stories

We use cookies to give you the best possible experience. Learn more